താങ്ങാകേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നു; 60 കോടി ഒന്നിനും തികയില്ല; പ്രതിസന്ധിയിലാഴ്ന്ന്  കെഎസ്ആര്‍ടിസി

0
77

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഏറെ വൈകി കെഎസ്ആര്‍ ടിസിയില്‍ പെന്‍ഷന്‍ കുടിശിക നല്‍കാനുള്ള 60 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. ഈ 60 കോടി കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് ഒരു പരിഹാരവുമല്ല. കാരണം 38,000 കെഎസ്ആർടിസി പെൻഷൻകാരാണ് സര്‍ക്കാരിനെ ആശ്രയിച്ച് കഴിയുന്നത്. ഇവര്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസമായിരിക്കുകയാണ്.

ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ 60 കോടി രൂപ വേണം. പെൻഷൻ കുടിശിക തീർക്കാൻ 224 കോടി രൂപയാണു കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ വേണ്ടത്. ആ സ്ഥാനത്താണ് 60 കോടി അനുവദിച്ച്‌ ഉത്തരവായത്. ഇപ്പോള്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് തന്നെ നാലഞ്ചു മാസങ്ങളായി. ഈ തുക എങ്ങിനെ കൊടുത്ത് തീര്‍ക്കും എന്നതാണ് ചോദ്യം.

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന്‌
ഭിന്നശേഷിയുള്ള മകനെ ഒറ്റയ്ക്കാക്കി കൂത്താട്ടുകുളത്തിനടുത്ത് മാധവന്റെ വിധവ തങ്കമ്മ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ പെന്‍ഷന്‍ തുകയെ ആശ്രയിച്ചാണ്‌ ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. മാസങ്ങള്‍ ആയി പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നു. അതോടെ മറ്റ് വഴിയില്ലാതെ തങ്കമ്മ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി 20 മാസത്തിനുള്ളില്‍ ആറ് പേരാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ സഹായം ഇല്ലാതെ കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ നിലനില്‍പ്പ്‌ ഇല്ലെന്നു മനസിലാക്കി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നു.

പക്ഷെ സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ പിന്‍വലിഞ്ഞു. പെന്‍ഷന്‍കാരില്‍ മിക്കവാറും രോഗികളാണ്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നിനു പോലും കാശില്ലാതെ ഇവര്‍ ബുദ്ധിമുട്ടുന്നു. എന്നാല്‍ പെന്‍ഷന്‍ നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിയ്ക്കല്ല. സര്‍ക്കാരിനാണ് – കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ 24 കേരളയോടു പ്രതികരിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ കണക്ക് എടുത്താലും പെന്‍ഷന്‍ തുക കെഎസ്ആര്‍ടിസിയല്ല സര്‍ക്കാര്‍ ആണ് നല്‍കുന്നത്. പെന്‍ഷന്‍ അങ്ങിനെ തന്നെയാണ് നല്‍കേണ്ടതും. പക്ഷെ പെന്‍ഷന്‍ മുടങ്ങിയാല്‍ പഴി കെഎസ്ആര്‍ടിസിയുടെ മുകളിലേയ്ക്ക്‌ വരും. മറ്റു സംസ്ഥാനങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ല. ഇവിടെ സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ ആണ്.

സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ തുക അനുവദിച്ച് ഉത്തരവായില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും. പഴി കെഎസ്ആര്‍ടിസിയ്ക്കാകും. പെന്‍ഷന്‍ തങ്ങളുടെ ഉത്തരവാദിത്തമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. പ്രതിസന്ധി വരുമ്പോള്‍ സഹായിക്കും. പക്ഷെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെട്ട സമയമാണെങ്കില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യും. ഇതോടെ കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ മുന്നില്‍ വഴി അടയുകയാണ്.

പെന്‍ഷന്‍-ശമ്പള പ്രശ്നം വരുമ്പോള്‍ കെഎസ്ആര്‍ടിസിയെ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. ഇതാണ് നടന്നുവരുന്നത്. പെന്‍ഷനോ ശമ്പളോ മുടങ്ങുമ്പോള്‍ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ മുന്നോട്ട് പോകാനാകില്ല. തോമസ്‌ ചാണ്ടി ഗതാഗത വകുപ്പ് ഒഴിഞ്ഞ ശേഷം വകുപ്പ്  കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസക്കിനും അറിയാവുന്ന കാര്യമാണിത്.

പക്ഷെ ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി ഇനി നടപ്പിലാക്കാന്‍ പ്രയാസമാണെന്നാണ് അവരുടെ നിലപാട്. കെഎസ്ആര്‍ടിസി എന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല- ധനമന്ത്രി തോമസ്‌ ഐസക്ക് വെട്ടിത്തുറന്നു പറഞ്ഞിരുന്നു. പക്ഷെ കെഎസ്ആര്‍ടിസി പൊതുജന താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

ആള് കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി മലയോര മേഖലയിലേക്കുള്ള സര്‍വീസ് വെട്ടിച്ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക്‌ സാധിക്കില്ല. കാരണം ജനങ്ങള്‍ക്കുള്ള സേവനമാണിത്. അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങാകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്.

പൊതു റോഡുകള്‍ കയ്യടക്കി വിലസിയിരുന്ന സ്വകാര്യ ബസുകള്‍ നിരത്തില്‍ നിന്നും അപ്രത്യക്ഷമായ അവസ്ഥയിലാണ്. കാരണം ലാഭമില്ല. നിലനില്‍പ്പില്ല. ഇപ്പോള്‍ തന്നെ  ഫെബ്രുവരി ഒന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. പൊതുമേഖലയും സ്വകാര്യ മേഖലയും ഒരുപോലെ പ്രതിസന്ധി നേരിടുന്നു.

അമ്പതിനായിരത്തിലധികം സ്വകാര്യ ബസുകളുണ്ടായിരുന്ന
കേരളത്തില്‍ ഇപ്പോള്‍  പതിനയ്യായിരത്തില്‍ താഴെ മാത്രമെയുള്ളൂ.
പൊതുഗതാഗത രംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം കാണിക്കുന്ന സംഭവമാണിത്.