തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കണമെന്ന് കരസേനാ മേധാവി

0
55


ന്യൂഡല്‍ഹി: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെവേണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പിന്തുണ കിട്ടുംതോറം തീവ്രവാദം വളരുകയേ ഉള്ളു. തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയാന്‍ കഴിയണം. ഇവര്‍ക്ക് ആണവ, രാസ ആയുധങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി.

തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണം. തീവ്രവാദത്തിനെതിരെ ലോക രാജ്യങ്ങളും കൈകോര്‍ക്കണം. തീവ്രവാദത്തെ ഒരിക്കലും യുദ്ധമായി കാണാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച് ഇതിനെ നേരിട്ടേ തീരു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുണ്ടാവാം. അവരെയാണ് ആദ്യം നേരിടേണ്ടതെന്നും റാവത്ത് പറഞ്ഞു. രാജ്യത്ത് എല്ലാ വര്‍ഷവും കൂടാറുള്ള റെയ്സിന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുധ വില്‍പ്പനക്കാര്‍ ആയുധങ്ങള്‍ വില്‍ക്കുമ്പോള്‍ അവയ്ക്ക് മുകളില്‍ അതുണ്ടാക്കിയ സ്ഥലം സൂചിപ്പിക്കുന്ന പ്രത്യേക ചിഹ്നമോ മറ്റോ പതിപ്പിക്കണം. തീവ്രവാദികള്‍ക്ക് ലഭിക്കുന്ന അതിനൂതന ആയുധങ്ങള്‍ അവര്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയാത്ത സാഹചര്യമാണ് പലപ്പോഴും. മയക്കുമരുന്ന് കച്ചവടമാണ് പണം കണ്ടെത്താന്‍ അവരുപയോഗിക്കുന്ന മറ്റൊരു വഴി. ഇതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്നും റാവത്ത് പറഞ്ഞു.