നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നെടുത്തത്: ദിലീപ്

0
175

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന് നടന്‍ ദിലീപ് കോടതിയില്‍. കേസിന്റെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വാദം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രമെന്നും ദിലീപ് പരാതിപ്പെട്ടു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ വാദത്തിനു വിപരീതമാണ്. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് പകര്‍ത്തിയതായാണ് മനസ്സിലാകുന്നത്. പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണിതെന്നും ഈ കുറ്റപത്രം നിരസിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

വീഡിയോയിലുള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടി പോലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു. തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതി ബുധനാഴ്ച വിധി പറഞ്ഞേക്കും.