നെഹ്റു ഗ്രൂപ്പിന്റെ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

0
67

പാലക്കാട്: നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി ജവര്‍ഹര്‍ലാല്‍ ലോ കോളേജിലാണ് ആത്മഹത്യാ ശ്രമം നടന്നത്. പാലക്കാട് സ്വദേശിയും ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയുമായ അര്‍ഷാദാണ് ക്ലാസ് മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അര്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അര്‍ഷാദ്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസിലെത്തിയ അര്‍ഷാദിനോട് ക്ലാസിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് കൈയിലുണ്ടായിരുന്ന വിഷക്കുപ്പി വായിലേക്ക് കമഴ്ത്തുകയായിരുന്നു. അര്‍ഷാദ് അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.