പത്മാവത് നിരോധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു

0
40

ന്യൂഡല്‍ഹി: ‘പത്മാവത്’ സിനിമ നാലു സംസ്ഥാനങ്ങളില്‍ നിരോധിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കളായ വിയകോം സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നതായും ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങളാണ് വന്‍ വിവാദമായതും ചിത്രത്തിന്റെ റിലീസ് വൈകിച്ചതും. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്നായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം.

ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കര്‍ണി സേന കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പത്മാവതി എന്നതിനു പകരം ‘പത്മാവത്’ എന്ന് പേരു മാറ്റുകയും വിവാദ രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ചിത്രം വിലക്കിയിരുന്നു.