പാസ്‌പോര്‍ട്ട് പരിഷ്‌കരണം പിന്‍വലിക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും ഉമ്മന്‍ ചാണ്ടിയുടെ കത്ത്

0
66

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട്പരിഷ്‌കരണം അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചു. പത്താംക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓറഞ്ച് കളര്‍ പാസ്പോര്‍ട്ടും അതിനുമേല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് നീല നിറത്തിലുള്ള പാസ്പോര്‍ട്ടും നല്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

തികച്ചും നിര്‍ഭാഗ്യകരമായ ഈതീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും. വിദേശത്ത് എത്തുന്ന പ്രവാസിക്ക് വലിയ മാനസിക ക്ലേശം സൃഷ്ടിക്കുന്ന നടപടികളാകും ഉണ്ടാകുകയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.