ബിഎസ്എന്‍എല്‍ ഞായറാഴ്ചകളിലെ സൗജന്യ സേവനം നിര്‍ത്തലാക്കുന്നു

0
59

കൊല്ലം: ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ ഞായറാഴ്ചകളില്‍ നല്‍കി വന്നിരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് സൗജന്യ സേവനം അവസാനിപ്പിക്കുന്നത്. ഇതോടെ ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍ ഓഫര്‍ ലഭ്യമാകില്ല.

ലാന്‍ഡ് ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുന്നുണ്ടെങ്കിലും രാത്രിയില്‍ ലഭിക്കുന്ന നൈറ്റ് ഓഫര്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

നേരത്തെ രാത്രികാലങ്ങളിലെ സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയും ബിഎസ്എന്‍എല്‍ കുറച്ചിരുന്നു. നിലവില്‍ ഈ പദ്ധതിയിലൂടെ രാത്രി 10.30 മുതല്‍ രാവിലെ ആറു മണിവരെ രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കും. അതേസമയം, ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ ജനുവരി ഒന്നിനു തന്നെ ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യ കോള്‍ ഓഫര്‍ പിന്‍വലിച്ചിരുന്നു.