ബിജെപി യോഗത്തില്‍ പങ്കെടുക്കാനല്ല അജിത്ത് ഡോവല്‍ എത്തിയത്: രാജ്‌നാഥ് സിംങ്‌

0
54

 

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബിജെപി യോഗത്തില്‍ പങ്കെടുത്തുവെന്ന സിപിഎം ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.

അജിത് ഡോവല്‍ എത്തിയത് ദേശീയ സുരക്ഷയെപ്പറ്റിയും പൊതു വിഷയങ്ങളെപ്പറ്റിയും പതിവായി നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാനായിരുന്നുവെന്ന് രാജനാഥ് സിങ് വിശദീകരിച്ചു. അജിത് ഡോവലിന് പുറമെ സുരക്ഷാ ഏജന്‍സികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഇവരാരും തന്നെ മറ്റൊരു യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനുവരി 14 ന് നടന്ന യോഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ത്രിപുര, നാഗാലനഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്നിരുന്നു. ബിജെപി നേതാക്കള്‍ക്ക് പുറമെ ആര്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചത്.

അജിത് ഡോവല്‍ ബിജെപി യോഗത്തില്‍ പങ്കെടുത്തത് ഞെട്ടിക്കുന്നതും ചട്ടങ്ങളുടെ ലംഘനവുമാണെന്നും സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.