ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

0
58
BARCELONA, SPAIN - DECEMBER 09: Ronaldinho of Barcelona celebrates his opening goal during the La Liga match between Barcelona and Deportivo La Coruna at the Camp Nou Stadium on December 9, 2007 in Barcelona, Spain. (Photo by Jasper Juinen/Getty Images)

റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റമായ റോബര്‍ട്ട് അസീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് റോബര്‍ട്ടോ അസീസ് സഹോദരന്റെ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. 2018 ലോകകപ്പിന് ശേഷം ഓഗസ്റ്റ് മാസത്തില്‍ ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും റൊണാള്‍ഡീഞ്ഞോയ്ക്ക് വിരമിക്കല്‍ വേദികള്‍ ഒരുക്കുമെന്നും റോബര്‍ട്ടോ അസീസ് പറഞ്ഞു.

2002ല്‍ ലോകകപ്പ് കിരീടം ബ്രസീലിന് നേടിക്കൊടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച റൊണാള്‍ഡീഞ്ഞോ കുറച്ചുവര്‍ഷങ്ങളായി തന്റെ ഫോം നഷ്ടപ്പെട്ട് അന്താരാഷ്ട്രവേദികളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. 2015ല്‍ ഫല്‍മിനെന്‍സ് വിട്ടശേഷം പ്രൊഫഷണല്‍ ടീമിനായി റൊണാള്‍ഡീഞ്ഞോ കളിച്ചിട്ടില്ല. മടങ്ങിവരവ് ഏതാണ്ട് അസാധ്യമായ യാഥാര്‍ത്ഥ്യം അംഗീകരിച്ച് കളി മതിയാക്കുകയാണ് ഒരു കാലത്ത് ലോകഫുട്ബോള്‍ ആരാധകര്‍ നെഞ്ചോട് ചേര്‍ത്തുവച്ച, ട്രബിളിംഗില്‍ അസാധാരണമായ പന്തടക്കം കാട്ടിയ വിങ്ങറും സ്ട്രൈക്കറുമായി തിളങ്ങിയ റൊണാള്‍ഡീഞ്ഞോയെന്ന അതുല്യപ്രതിഭ.

ബ്രസീലിയന്‍ ജൂനിയര്‍ ടീമിലൂടെ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡീഞ്ഞോ മിന്നും താരമായത് അതിവേഗമാണ്. ഗ്രെമിയോ ക്ലബ്ബില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്ബോളിന് തുടക്കം കുറിച്ച റൊണാള്‍ഡീഞ്ഞോ 2001ല്‍ പിഎസ്ജിയുടെ ഭാഗമായി. 2002 ലെ ലോകകപ്പില്‍ ബ്രസീലിനെ ജേതാക്കളാക്കിയതില്‍ നിര്‍ണായകപ്രകടനം നടത്തിയതിന് പിന്നാലെ റൊണാള്‍ഡീഞ്ഞോ ബാഴ്സലോണയിലെത്തി.

അഞ്ചു വര്‍ഷം ബാഴ്സയുടെ ജഴ്സിയില്‍ പന്തുതട്ടിയ ബ്രസീല്‍ താരത്തിന്റെ മികവില്‍ ടീം രണ്ട് ലീഗ് കിരീടങ്ങള്‍ക്കും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനും അര്‍ഹരായി. 2005ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരവും റൊണാള്‍ഡീഞ്ഞോയെ തേടിയെത്തി. പിന്നീട് ബാഴ്സയുടെ പരിശീലകനായി പെപ് ഗാര്‍ഡിയോള എത്തിയതോടെ റൊണാള്‍ഡീഞ്ഞോയെ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന് കൈമാറുകയായിരുന്നു. മിലാന്‍ വിട്ടശേഷം ഫ്ളെമിങ്ങോയ്ക്കും അത്ലറ്റിക്കോ മിനെയര്‍ക്കുമെല്ലാം റൊണാള്‍ഡീഞ്ഞോ കളിച്ചെങ്കിലും പ്രതിഭയുടെ മിന്നലാട്ടം പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ബ്രസീല്‍ ജഴ്സിയില്‍ 97 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ നേടിയത്. ബാഴ്സക്കായി 145 മത്സരങ്ങളില്‍ ബൂട്ടുകെട്ടി 70 ഗോളുകളടിച്ചു.
ഫോം നഷ്ടമായതോടെ 2010ലെ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിലും ഇടംനേടാനായില്ല. പിന്നീട് ദേശീയ ടീമില്‍ ഇടംപിടിച്ചെങ്കിലും 2013 ഏപ്രിലില്‍ ചിലിക്കെതിരെ കളിച്ചശേഷം ദേശീയ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കുത്തഴിഞ്ഞ ജീവിതവും ഫിറ്റ്നെസില്‍ ശ്രദ്ധിക്കാനുള്ള മനസില്ലായ്മയും കൂടിചേര്‍ന്നപ്പോള്‍ ആ പ്രതിഭ നാശത്തിന്റെ വക്കിലെത്തുകയായിരുന്നു. ബ്രസീല്‍ ദേശീയ ടീമില്‍ ഒരു തവണ കൂടി റൊണാള്‍ഡീഞ്ഞോ കളിക്കുന്നത് അദ്ദേഹം മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളും സ്വപ്നം കണ്ടിരുന്നു. റൊണാള്‍ഡീഞ്ഞോ കളത്തില്‍ കാഴ്ചവയ്ക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യം ഒരുവട്ടം കൂടി അന്താരാഷ്ട്രവേദിയില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്താക്കി 38 -ാം വയസില്‍ ആ ഫുട്ബോള്‍ ഇതിഹാസം ഒടുവില്‍ വിരമിക്കല്‍ തീരുമാനമെടുക്കുകയായിരുന്നു