മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സും പ്രണവിന്റെ ആദിയും ഒരേദിവസം തിയേറ്ററുകളില്‍

0
70

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രണവ് മോഹൻലാലിന്റെയും സിനിമകൾ ഒരേദിനം തിയറ്ററുകളിലെത്തുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ്‌, ജീത്തു ജോസഫ്–പ്രണവ് ചിത്രം ആദി എന്നിവയാണ് ജനുവരി 26ന് തിയറ്ററുകളിലെത്തുക. റിലീസ് തിയതി സംവിധായകർ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ട്രീറ്റ്‌ലൈറ്റ്‌സ്‌

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്‌. ചിത്രം ഒരു ആക്‌​ഷൻ ത്രില്ലറാണ്.

മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ലിജിമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീന കുറുപ്പ്, സുധി കോപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമ തമിഴിലേക്കെത്തുമ്പോള്‍ ഈ കഥാപാത്രങ്ങളായി തമിഴില്‍ നിന്നുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

സിനിമയ്ക്ക് കഥ ഒരുക്കുന്നത് ഫവാസ് മുഹമ്മദ് എന്ന നവാഗത എഴുത്തുകാരനാണ്. ഒപ്പം ആദര്‍ശ്‌
അബ്രഹാമാണ്‌ പാട്ടുകള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത്. മൂവരും ആദ്യമായി സിനിമ ചെയ്യുന്നു എന്ന പ്രത്യേകതയും സ്ട്രീറ്റ്‌ലൈറ്റ്‌സിനുണ്ട്.

പ്ലേ ഹൗസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് വരുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മിച്ചിരിക്കുന്ന സിനിമ മൊഴി മാറ്റി തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

ആദി

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്.

അനുശ്രീ, ലെന, അതിഥി രവി, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളായിരുന്നത്.

‘ഒന്നാമൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ ‘പുനർജനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.