മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് മോഷണശ്രമം

0
42

മലപ്പുറം: മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് മോഷണശ്രമം. ദേശീയപാതയോരത്തെ കാനറാ ബാങ്കിന്റെ എടിഎം ആണ് തകര്‍ത്തത്. എടിഎം പൂര്‍ണമായി തകര്‍ത്ത നിലയിലാണ്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. കരിഓയില്‍ തേച്ച കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വിദേശത്ത് നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന്‍ തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണു ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണു പൊലീസ്. എടിഎം പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. നാലു ദിവസം മുന്‍പു തേഞ്ഞിപ്പാലത്തും സമാന മോഷണ ശ്രമം നടന്നിരുന്നു. അന്ന് എസ്ബിഐയുടെ എടിഎമ്മാണ് കവര്‍ച്ചാ ലക്ഷ്യമായത്. അന്നും പണം നഷ്ടമായില്ല.

രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനക്കല്‍ കോംപ്ലക്സിലാണ് എടിഎം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എടിഎം മുറിക്കു മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതു ശ്രദ്ധയില്‍പെട്ടു കെട്ടിട ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നു ബാങ്ക് ജീവനക്കാരും പൊലീസും എത്തി പരിശോധിച്ചതിലാണു കവര്‍ച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിലെ ക്യാമറയില്‍ കറുത്ത നിറം സ്‌പ്രേ ചെയ്ത നിലയിലാണ്. കെട്ടിടത്തിലെ മറ്റൊരു കടയുടെ പുറത്തു സ്ഥാപിച്ച ക്യാമറയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിയാന്‍ സാധ്യതയുണ്ട്. ഇതു പൊലീസ് പരിശോധിക്കും.