മെഡിക്കല്‍ കോഴക്കേസ്: പ്രതികളുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നതില്‍ സിബിഐക്ക് നോട്ടീസ്

0
41


ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ പ്രതികളുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നതില്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം.ഖുദ്ദൂസി ഉള്‍പ്പെടെയുള്ളവരുടെ സംഭാഷണം ചോര്‍ന്ന സംഭവത്തിലാണു നടപടി. നോട്ടീസില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ മുന്‍ ജഡ്ജിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇശ്‌റത്ത് മസ്‌റൂര്‍ ഖുദ്ദൂസിയെ (2004 മുതല്‍ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജി) കഴിഞ്ഞ വര്‍ഷം സിബിഐ അറസ്റ്റു ചെയ്തിരുന്നു. പ്രസാദ് മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനു കോടതിയെ സ്വാധീനിക്കാന്‍ ഖുദ്ദൂസി പണം കൈപ്പറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ വസതിയില്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഹവാലപ്പണമായ ഒരു കോടി രൂപയും കണ്ടെടുത്തിരുന്നു.

സര്‍ക്കാര്‍ പ്രവേശനം വിലക്കിയ രാജ്യത്തെ 46 മെഡിക്കല്‍ കോളജുകളിലൊന്നാണു ലക്‌നൗവിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. 2019 വരെ രണ്ട് അധ്യയന വര്‍ഷത്തേക്കു പ്രവേശനം വിലക്കിയതിനു പുറമേ ബാങ്ക് ഗാരന്റിയായി നല്‍കിയിരുന്ന രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോളേജ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീം കോടതിയില്‍ കോളേജിന് അനുകൂലമായി കേസ് തീര്‍പ്പാക്കുന്നതിനായി റിട്ട. ജഡ്ജിയുടെ സഹായത്തോടെ ഉന്നതസ്വാധീനം ചെലുത്താന്‍ ഇടനിലക്കാരനായ ബി.പി.യാദവ് പദ്ധതിയിട്ടെന്നാണ് കേസ്.