മെത്തയുടെ രൂപത്തില്‍ നോട്ടുകെട്ട്; 100 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

0
55

കാണ്‍പുര്‍: നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്തത് 100 കോടിയുടെ നിരോധിത നോട്ടുകള്‍. മെത്തയുടെ രൂപത്തില്‍ അടുക്കിവെച്ച നിലയിലായിരുന്നു നോട്ടുകള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള സ്വരൂപ് നഗറില്‍ നിന്നാണ് 500 ന്റേയും 1000 ത്തിന്റേയും നിരോധിത നോട്ടുകള്‍ എന്‍ഐഎ കണ്ടെടുത്തത്.

നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരം പണിപൂര്‍ത്തിയാകാത്ത വീട്ടിലുണ്ടെന്ന് ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ടകളിലൊന്നാണ് ഇത്.

നാലോ അഞ്ചോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണ് പണമെന്ന് എന്‍ഐഎ പറഞ്ഞു. അനധികൃത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനത്തിനു ശേഷവും ഇത്രയും പണം സൂക്ഷിച്ചിരുന്നതെന്നാണ് നിഗമനം.