റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറോട് പുറത്തുപോകാന്‍ പറഞ്ഞ ജിഗ്നേഷ് മേവാനിയെ ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍

0
42

ചെന്നൈ: അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറോട് പുറത്തുപോകാന്‍ പറഞ്ഞ ജിഗ്നേഷ് മേവാനിയെ ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ഒരു പൊതുപരിപാടിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി റിപ്പബ്ലിക്ക് ടിവി റിപോര്‍ട്ടറോട് മാത്രം പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ഈ നടപടി ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ മേവാനിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഒറ്റക്കെട്ടായി അദ്ദേഹത്തെ
ബഹിഷ്‌കരിക്കുകയുമായിരുന്നു.

ചെന്നൈയിലെ ഖയിദ് മില്ലറ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ മാധ്യമ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു ജിഗ്നേഷ്. പരിപാടിക്കിടെ ജിഗ്നേഷുമായി സംസാരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു. കൂടിക്കാഴ്ചക്കു മുമ്പായി മാധ്യപ്രവര്‍ത്തകര്‍ മൈക്ക് മേശപ്പുറത്ത് വയ്ക്കുന്നതിനിടെയാണ് റിപ്പബ്ലിക് ടിവിയുടെ മൈക്ക് മേവാനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ജിഗ്നേഷ് റിപ്പോര്‍ട്ടറെ തേടുകയും താന്‍ റിപ്പബ്ലിക് ടിവിയോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതെന്റെ നയമാണെന്നും പറയുകയായിരുന്നു.

‘ആരാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍, ഞാന്‍ റിപ്പബ്ലിക്കിനോട് സംസാരിക്കില്ല. മൈക്കെടുത്ത് പുറത്തുപോകൂ’ എന്നായിരുന്നു ജിഗ്നേഷ് പറഞ്ഞത്. എക്സ്‌ക്ലൂസിവ് അഭിമുഖം അല്ലല്ലോ, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏതെങ്കിലും മാധ്യമത്തെ ഒഴിവാക്കുന്നതെന്തിനെന്ന ചോദ്യവുമായി ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് ജിഗ്നേഷ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് മാറ്റിയാല്‍ മാത്രമേ താന്‍ സംസാരിക്കൂ എന്നും ജിഗ്നേഷ് വ്യക്തമാക്കി. തുടര്‍ന്ന് ടൈംസ് നൗ റിപോര്‍ട്ടറുമായി വാഗ്വാദമായി. നിങ്ങള്‍ കല്പിക്കേണ്ട ആവശ്യമില്ല. ഏത് മൈക്കാണ് ഇവിടെ വേണ്ടത്? എതാണ് ഒഴിവാക്കേണ്ടത് എന്നെല്ലാം ഞങ്ങള്‍ക്ക് അറിയാമെന്നും ഈ പ്രസ് കോണ്‍ഫറന്‍സ് ആവശ്യമില്ലെന്നും പറഞ്ഞു വാര്‍ത്താമ്മേളനം ഒറ്റക്കെട്ടായി മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.