‘ലേഡീസ് ആന്റ് ജെന്റല്‍വിമണ്‍’; ഒരു റാണി മറ്റൊരു റാണിയെ കാണാനെത്തിയ കഥ

0
54

മാലിനി ജീവരത്‌നം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ലേഡീസ് ആന്റ് ജെന്റല്‍ വിമണിന്റെ ട്രെയിലര്‍ എത്തി. പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ഡോക്യുമെന്ററിയാണിത്.

ശരീരത്തിന്റെ രാഷ്ട്രീയവും ഭിന്നലിംഗക്കാരോട് സമൂഹം വെച്ചുപുലര്‍ത്തുന്ന തെറ്റായ കാഴ്ചപ്പാടുകളുമാണ് ഇതില്‍ ചിത്രീകരിക്കുന്നത്. മൂന്ന് വര്‍ഷമെടുത്താണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഡോക്യുമെന്ററിക്കായി ഭിന്നലിംഗക്കാരായ ആളുകളോട് അടുത്തിടപഴകി അവരുടെ ജീവിതത്തെക്കുറിച്ച് പഠിച്ചതായും അവരുടെ വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും പ്രണയത്തെയും ആത്മഹത്യയെയുമൊക്കെ അക്കാലയളവില്‍ അടുത്തറിഞ്ഞുവെന്ന് സംവിധായിക പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത് ഒരു പ്രോജക്ടായി അല്ല കണക്കാക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും പ്രതിപാദനമാണ്. അവരെ ആത്മഹത്യകളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള മാധ്യമമാണ്.’ മാലിനി പറഞ്ഞു.

ട്രെയിലറില്‍ ശബ്ദം മാത്രമാണുള്ളത്. ഒരു ആണും പെണ്ണും തമ്മിലുള്ള സംഭാഷണമായാണ് ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എഴുത്തുകാരി കുട്ടി രേവതിയും ദമയന്തിയും ഡോക്യുമെന്ററിയിലെ രണ്ട് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിട്ടുണ്ട്. ജനുവരി 21ന് ചെന്നൈയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.