സമൂഹമാധ്യമത്തില്‍ തെറ്റായ സന്ദേശം നല്‍കി; രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ കേസ്

0
49

പരിയാരം: സമൂഹമാധ്യമത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരിയാരം പൊലീസ് കേസെടുത്തു. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് കേസെടുത്തത്.

2017 മേയ് 11 ന് ആര്‍എസ്എസ് നേതാവ് കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ആശുപത്രി അടിച്ചു തകര്‍ക്കുകയും ചെയ്യുന്നുവെന്ന പ്രചരണത്തോടെ പുറത്തുവന്ന ഒരു വീഡിയോ ആണ് രാജീവ് ചന്ദ്രശേഖറും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സും പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രിയും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്നായിരുന്നു എംപിയുടെ ട്വീറ്റ്. ഒരു ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് രാജീവ് ചന്ദ്രശേഖര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.