ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം; യു.പിയില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു

0
55

ഉത്തര്‍പ്രദേശ്: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. തങ്ങളുടെ ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. നാലാമതൊരാള്‍ ഈ മര്‍ദ്ദനം ചിത്രീകരിക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 27 വയസുള്ള മുസഫര്‍നഗര്‍ സ്വദേശിയായ വിപിന്‍ കുമാര്‍ എന്ന ദളിത് യുവാവാണ് ആക്രമണത്തിനിരയായതെന്ന് വീഡിയോയില്‍ നിന്ന് പോലീസ് കണ്ടെത്തി. ആക്രമണത്തിന് ഇരയായ യുവാവും കുടുംബവുമായി തങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും പ്രദേശത്തു തന്നെയുള്ള ഗുജ്ജാര്‍ സമുദായത്തിലെ യുവാക്കളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസഫര്‍നഗറിലെ പുര്‍സാക്കി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്നും സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് ആനന്ദ് ഡിയോ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.സി, എസ്.ടി, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹെല്‍മറ്റ് ധരിച്ച് നിലത്തു കിടക്കുന്ന യുവാവിനെ മൂന്നു പേര്‍ തൊഴിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പീന്നീട് കൂപ്പുകൈകളോടെ ഇരിക്കുന്ന യുവാവിന്റെ ഹെല്‍മറ്റ് മാറ്റി മര്‍ദ്ദിക്കുകയും ജയ് മാതാ ദീ എന്ന് വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനും അത് ‘വൈറല്‍’ ആക്കാനും നാലാമനോട് ഇവര്‍ നിര്‍ദേശിക്കുന്നതും വീഡിയോയിലുണ്ട്.