നിറഞ്ഞ ആത്മവിശ്വാസവുമായി മഞ്ഞപ്പട ഇന്ന് വീണ്ടും കളത്തിലേക്ക്

0
38

ജംഷഡ്പൂര്‍: വിജയം ആവര്‍ത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു വീണ്ടും കളത്തിലിറങ്ങും. മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങുന്ന ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരം. ജംഷഡ്പുരിലെ ജെ.ആര്‍.ഡി. ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ രാത്രി എട്ടു മുതലാണ് മത്സരം.

റെനെ മ്യൂലന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞ ശേഷം മഞ്ഞപ്പടയുടെ പരിശീലകനായെത്തിയ ഡേവിഡ് ജയിംസിന്റെ കീഴില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ജംഷഡ്പൂരിനെ ഇന്ന് തോല്‍പ്പിക്കാനായാല്‍ മഞ്ഞപ്പടയുടെ ഇപ്പോഴുള്ള ഊര്‍ജ്ജം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനാകും. നേരത്തെ കൊച്ചിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 20 പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 18 പോയിന്റുമായി ബംഗളുരു എഫ്.സി, 16 പോയിന്റുമായി പുനെ സിറ്റി, ഗോവ എഫ്.സി. എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങില്‍. ഇന്നു ജയിക്കാനായാല്‍ 17 പോയിന്റുമായി പുനെയെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്തെത്താനാകും.

മികച്ച ഫോമിലേക്കു തിരിച്ചെത്തിയ കനേഡിയന്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്റെ ബൂട്ടുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത് ഹ്യൂമാണ്. മുന്‍നിരയില്‍ ഹ്യൂമിനൊപ്പം മലയാളി താരം സി.കെ. വിനീത് ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.