കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദ്രാവിഡ മുന്നേറ്റം ഉണ്ടാകണം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

0
67
Chennai: Film actor Kamal Hassan addressing the media at his house, after a complaint was lodged against a popular reality show hosted by him in a television channel, in Chennai, on Wednesday. PTI Photo R Senthil Kumar (PTI7_12_2017_000303A)

ചെന്നൈ: രജനീകാന്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ കമല്‍ഹാസനും. തന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാരിനെതിരായ മുന്നേറ്റമായിരിക്കും താന്‍ ലക്ഷ്യമിടുന്നെതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘ആജ്ഞകളെ’ പ്രതിരോധിക്കാന്‍ ദ്രാവിഡ സ്വത്വത്തിനു കീഴില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അണിനിരക്കണമെന്നു കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. അടുത്ത മാസം 21ന് ജന്മനാടായ രാമനാഥപുരത്ത് നിന്ന് ആരംഭിക്കുന്ന സംസ്ഥാന പര്യടനത്തില്‍ കമല്‍ തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കും. ഒരു തമിഴ് മാസികയിലെ പംക്തിയിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്.

‘രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കേന്ദ്രം ഇവിടെനിന്നു നികുതി പിരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നുവെന്ന് ചിലര്‍ പറയുന്നു. കൂട്ടുകുടുംബം അങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നാണ് അഭിപ്രായം. കൂട്ടുകുടുംബത്തിലെ മുതിര്‍ന്നയാളാണ് തൊഴില്‍രഹിതരായ ഇളയ സഹോദരങ്ങള്‍ക്കായി അന്നവും പണവും കണ്ടെത്തുന്നത്. എന്നാല്‍ ഇളയവര്‍ മൂത്തവരെ പറ്റിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യാറില്ല’- തമിഴ്‌നാടിന്റെ സംഭാവനയും പിന്നാക്കവസ്ഥയും ചൂണ്ടിക്കാട്ടി കമല്‍ വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ വരണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ‘ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം ദ്രാവിഡരാണ്. ഈ ദ്രാവിഡ സത്വം ദക്ഷിണേന്ത്യയാകെ ഉള്‍ക്കൊണ്ടാല്‍, കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പരാതി ഇല്ലാതാക്കാനാകും. ഒരുമിച്ചുനിന്നാല്‍ ഡല്‍ഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള ശബ്ദക്കരുത്ത് നമുക്കുണ്ടാകും’- കമല്‍ പറഞ്ഞു..

ഭഗവാന്‍ ശിവന്റെ ഉദാഹരണമാണ് നിലപാടുകളെ സാധൂകരിക്കാന്‍ അദ്ദേഹം പരാമര്‍ശിച്ചത്. ‘ദക്ഷിണേന്ത്യയിലെ ശിവനെ (ശൈവം) പറ്റി പറയുമ്പോള്‍ നാണക്കേടുണ്ടാകേണ്ട കാര്യമില്ല. എല്ലാ (ദക്ഷിണ) സംസ്ഥാനങ്ങളിലും അദ്ദേഹം സര്‍വവ്യാപിയാണ്. ‘ദ്രവീഡിയനിസം’ എന്നതു ശിവനെപ്പോലെയാണ്. ഇങ്ങനെ പറഞ്ഞെന്നുവച്ച് തമിഴ് ഭാഷ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്നോ പുതിയ ഭാഷ വേണമെന്നോ അര്‍ഥമില്ല. സ്വന്തം ഭാഷയോടുള്ള വികാരമോ ആത്മാഭിമാനമോ മാറ്റേണ്ടതില്ല. ഇക്കാര്യം ഇന്ത്യയിലാകെ നടപ്പാക്കാവുന്നതാണ്. ഞാന്‍ പറഞ്ഞുവരുന്നത്, നെഹ്‌റു നേരത്തെ കണ്ടെത്തിയ കാര്യമാണ്- നാനാത്വത്തില്‍ ഏകത്വം’- കമല്‍ വ്യക്തമാക്കി.
ദ്രാവിഡ മുന്നേറ്റമെന്നാല്‍ ശാപവാക്കു പോലെയാണ് ചിലര്‍ സംസാരിക്കുന്നത്. ചിലരാകട്ടെ ‘ദ്രവീഡയനിസ’മല്ലാതെ മറ്റൊന്നും ഉരിയാടാറില്ല. ഈ രണ്ട് രീതികളും വിമര്‍ശിക്കപ്പെടേണ്ടതാണ്. ദ്രാവിഡസത്വം തമിഴര്‍ക്കു മാത്രമുള്ളതല്ല. മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും പങ്കിടാവുന്നതാണ്. ചരിത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്തം തുടങ്ങിയവയെല്ലാം ‘ദ്രവീഡയനിസം’ ഇന്ത്യയിലുണ്ടായിരുന്നതിന്റെ തെളിവ് നല്‍കുന്നു. ഇതിന്റെ പേരില്‍ ആഘോഷമോ നശിപ്പിക്കലോ ആവശ്യമില്ല. ഇതു നമ്മുടെ സ്വത്വമാണ്’- കമല്‍ പറഞ്ഞു

സംസ്ഥാന പര്യടനം മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ വസതിയില്‍നിന്നു തുടങ്ങുന്നതിന്റെ കാരണവും നടന്‍ വിശദീകരിച്ചു. ‘കലാമിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെയാണ് ഞാനും, ഒരുപാട് സ്വപ്നങ്ങളുണ്ട്. സന്തോഷവും സമൃദ്ധിയുമുള്ള തമിഴ്‌നാടായിരുന്നു കലാമിന്റെ സ്വപ്നം. എന്റെ യാത്രയും ആ സ്വപ്നത്തിലേക്കാണ്’- കമല്‍ പറഞ്ഞു.