ജയലളിത ഒരു ദിവസം മുമ്പേ മരിച്ചു; സുരക്ഷാ കാരണങ്ങളാല്‍ വാര്‍ത്ത പുറത്തു വിട്ടില്ലെന്ന് ശശികലയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍

0
49

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ രംഗത്ത്. 2016 ഡിസംബര്‍ നാലിന് ജയലളിത മരിച്ചിരുന്നുവെന്നും ഇത് മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നുവെന്നും വി.ദിവാകരന്‍ ആരോപിക്കുന്നു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍.

ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍ തന്നെ ജയലളിത മരിച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  വെളിപ്പെടുത്തല്‍ ശരിയായിരിക്കാമെന്ന് അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവും ശശികലയുടെ സഹോദരീ പുത്രനുമായ ടിടിവി ദിനകരനും പ്രതികരിച്ചു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.