ജുഡീഷ്യല്‍ പ്രതിസന്ധി: ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച നടത്തും

0
39

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ കഴിഞ്ഞ ദിവസങ്ങളിലും അനൗപചാരിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചര്‍ച്ച.
ഇന്നലെ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് ജസ്റ്റിസ് ചെലമേശ്വര്‍ എത്തിയിരുന്നില്ല. ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി രണ്ടാം വട്ട ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ജസ്റ്റിസ് ചെലമേശ്വര്‍ അവധിയെടുത്തത്. ജഡ്ജിമാരുടെ ഇന്നലത്തെ ഉച്ചയൂണ് സത്കാരത്തിലും അദ്ദേഹം പങ്കെടുത്തില്ല. അതിനിടെ ഇന്നലെ വൈകുന്നേരം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ജസ്റ്റിസ് ചെലമേശ്വറിന്റ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 25 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായതായാണ് സൂചന.
ഇന്ന് വൈകിട്ട് ജസ്റ്റിസ് ചെലമേശ്വര്‍ ഹൈദരാബാദിന് പോകും. അതിനു മുമ്പ് ചര്‍ച്ചകള്‍ നടത്താനാണ് മധ്യസ്ഥം വഹിക്കുന്ന ജഡ്ജിമാര്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരുമായി ആശയവിനിമയം ആരംഭിച്ചു. വാര്‍ത്താ സമ്മേളനം നടത്താന്‍ ഇടയായ സാഹചര്യം മറ്റ് ജഡ്ജിമാരോട് ഇവര്‍ വിശദീകരിക്കുന്നതായാണ് സൂചന.
ഇന്നലെ ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ വസതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍ ഒത്തുകൂടിയിരുന്നു. ഈ യോഗത്തില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, യു.യു ലളിത് എന്നിവരും പങ്കെടുത്തു. പ്രശ്നമെല്ലാം പരിഹരിച്ചുവെന്ന വെറുമൊരു പ്രസ്താവന ഇറക്കുന്നതില്‍ കാര്യമില്ലെന്നും വ്യക്തമായ നടപടികള്‍ ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലെന്നുമാണ് നാലു ജഡ്ജിമാരുടെയും നിലപാട്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ പ്രതിസന്ധി പരിഹരിച്ചെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവന നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍.