ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
58

 

 

ന്യൂഡല്‍ഹി: മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നിയസഭാ കാലാവധി കഴിയുന്ന ത്രിപുരയിലും മേഘാലയയിലും നാഗാലാന്‍ഡിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18-നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27-നുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നാം തീയതിയാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്നുമുതല്‍ മൂന്നു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ത്രിപുരയില്‍ മാര്‍ച്ച് 14-നും മേഘാലയയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13നും നിലവിലെ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.