ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണം: ജിഗ്നേഷ് മേവാനി

0
46

ഹൈദരാബാദ്: ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനി. സ്വന്തമായി ഭൂമിയില്ലാത്തവരാണ് രാജ്യത്തെ 70 ശതമാനം ദളിതരെന്നും അവര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്നുമാണ് മേവാനിയുടെ ആവശ്യം.

ജയിലിലായ തെലങ്കാന ദളിത് നേതാവ് മന്ദക്രിഷ്ണ മഡിഗയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേവാനി. മഡിഗയെ അറസ്റ്റ് ചെയ്ത് ജയിലലടച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മേവാനി പറഞ്ഞു. തെലങ്കാന സര്‍ക്കാരിനോട് എത്രയും വേഗം മഡിഗയെ മോചിതനാക്കണമെന്ന് മേവാനി ആവശ്യപ്പെട്ടു.

ദളിത് ഉന്നമനത്തിനായി മന്ദക്രിഷ്ണ മഡിഗയേപ്പോലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നും മേവാനി പറഞ്ഞു. മഡിഗ സംവരണ പോരാട്ട സമിതി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മന്ദക്രിഷ്ണ മഡിഗ അറസ്റ്റിലായത്.