‘നമുക്കൊരുമിച്ച് ആഘോഷിക്കാം’ ; മസ്‌കറ്റ്‌ ഫെസ്റ്റിവലിന് തുടക്കം

0
48

മസ്‌കറ്റ്‌: മസ്‌കറ്റ്‌ ഫെസ്റ്റിവലിന്റെ 18-ാമത് എഡിഷന്‍ ആരംഭിച്ചു. ‘നമുക്കൊരുമിച്ച് ആഘോഷിക്കാം’ എന്ന പ്രമേയത്തില്‍ അടുത്ത മാസം 10 വരെ 24 ദിവസങ്ങളിലായാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ നടക്കുക.

ഇന്നലെ വൈകിട്ട് നാല് മണിക്ക് ബര്‍ക നസീം ഗാര്‍ഡനിലും ആമിറാത്ത് പാര്‍ക്കിലും പ്രവേശന കവാടങ്ങള്‍ തുറന്നു. ആദ്യ ദിനം തന്നെ നൂറ് കണക്കിന് പേര്‍ ഫെസ്റ്റിവല്‍ നഗരികളില്‍ എത്തി. വാരാന്ത്യ അവധി ആയതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.
പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് നാല് മുതല്‍ അര്‍ധരാത്രിവരെയും ആയിരിക്കും പരിപാടികള്‍. മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രിയിലാണ് വെടിക്കെട്ട് നടക്കുക. വന്‍ സുരക്ഷയോടെയാണ് ഇത്തവണത്തെ വെടിക്കെട്ട് അരങ്ങേറുക.

ഫെസ്റ്റിവലില്‍ സാംസ്‌കാരിക പരിപാടികളും രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും. വാണിജ്യ മേളകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതമായ 21 ദിനോസറുകള്‍ അടങ്ങിയ ജുറാസിക് പാര്‍ക്ക് ഇത്തവണ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമാണ്.