നിങ്ങള്‍ പരിഹസിക്കുന്ന ആ പൊരിച്ച മീന്‍ പരാതി ഒരു വെറും പരിഭവമല്ല!

0
88

അനുപമ ആനമങ്ങാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പെണ്‍ജീവിതം:

‘പൊരിച്ചമീന്‍ കിട്ടാത്തതിന് ഫെമിനിസ്റ്റായവള്‍’ എന്ന പരിഹാസങ്ങള്‍ പലതും കണ്ടു, റിമ കല്ലിങ്കലിനെ ടാര്‍ഗറ്റ് ചെയ്ത്.

കുറച്ചുനാള്‍ മുമ്പ് മുലയൂട്ടലിനെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അതിലൊരാള്‍ വന്നു പറഞ്ഞതോര്‍ക്കുന്നു. നാട്ടുനടപ്പ്, പെണ്‍കുട്ടികള്‍ക്ക് ഒന്നരവയസ്സുവരെയും ആണ്‍കുട്ടികള്‍ക്ക് രണ്ടുവയസ്സുവരെയും മുലയൂട്ടണമെന്നാണ് എന്ന്.

പെണ്‍ഭ്രൂണഹത്യ വഴി ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വിവേചനമാണ് പെണ്‍കുട്ടികളോട്! അതുകഴിഞ്ഞ് മുലപ്പാലിന്റെ കാര്യത്തിലും രണ്ടു നിയമങ്ങളാണ്. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയേക്കാള്‍ ആറുമാസം മുമ്പേ മുലയൂട്ടല്‍ നിര്‍ത്താമെന്നാണത്രേ നാട്ടുനടപ്പ്! ഇന്ത്യയില്‍, മുലയൂട്ടല്‍ ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ കാലവും പെണ്‍കുട്ടികള്‍ക്ക് കുറവുമാണ് എന്നൊരു പഠനറിപ്പോര്‍ട്ടും പറയുന്നു; ഇതാകട്ടെ കൂടുതല്‍ പെണ്‍കുഞ്ഞുങ്ങളുള്ള വീടുകളില്‍ കൂടുതല്‍ രൂക്ഷവുമാണ്. (ലോകാരോഗ്യസംഘടന പറയുന്നത് ആറുമാസം വരെ മുലപ്പാല്‍ മാത്രം, ഒരു വയസ്സുവരെ പ്രധാനപോഷക ഉറവിടം മുലപ്പാല്‍, രണ്ടു വയസ്സുവരെ സപ്ലിമെന്റ് ആയി മുലപ്പാല്‍ എന്നാണ്; ലിംഗവ്യത്യാസമില്ല!)

അതായത്, നിങ്ങള്‍ പരിഹസിക്കുന്ന ആ പൊരിച്ചമീന്‍ പരാതി ഒരു വെറും പരിഭവമല്ല! ഗ്ലോബല്‍ ജെന്‍ഡര്‍ ഗാപ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന ഇന്‍ഡക്‌സ് ആണ് ആരോഗ്യം. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പോഷകാഹാരക്കുറവിന്റെ വ്യത്യാസം അതിലൊരു പ്രധാനഘടകമാണ്. മൊത്തം ജെന്‍ഡര്‍ ഗാപ് ഇന്‍ഡക്‌സില്‍ ഇന്ത്യ പുറകില്‍ നില്‍ക്കുന്നതിന്റെ പ്രധാനകാരണം രണ്ടു സൂചകങ്ങളാണ്; ഒന്ന്, ‘Health and Survival index’ (141-മത്); മറ്റൊന്ന്, Economic Participation and Opportunities for Women (139-മത്). ആകെ 144 രാജ്യങ്ങളില്‍ ആണിത്.

ആരോഗ്യസൂചികയില്‍ 144 രാജ്യങ്ങളില്‍ 141 ആണ് ഇന്ത്യയുടെ സ്ഥാനം; അതായത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ആരോഗ്യനിലവാരം ഏറ്റവും മോശമായിരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ! പരിമിതവിഭവശേഷിയുള്ള വീടുകളിലാകട്ടെ, ആഹാരത്തിലെ വിവേചനം കൂടുതല്‍ പ്രഹരശേഷിയുള്ളതുമാണ്. പെണ്‍കുട്ടികളുടെ ആഹാരത്തിലെ പോഷകത്തോടൊപ്പം അളവും വല്ലാതെ കുറയും. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ശിശുമരണനിരക്ക് ആണ്‍കുട്ടികളേക്കാള്‍ വളരെ കൂടുതല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. Poverty hits girl children and women worse!

ആരോഗ്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പുറകിലാണെന്നതിലത്ഭുതമില്ല; കാരണം ഊണ്മേശയില്‍ ‘എന്തുകൊണ്ടെനിക്കു മാത്രം മീനില്ല’ എന്ന് സങ്കടപ്പെടുന്ന കൊച്ചുപെണ്‍കുട്ടി നിങ്ങള്‍ക്ക് പരിഹാസപാത്രമാണ്! പെണ്‍കുട്ടികളുടെ ആഹാരം ആണ്‍കുട്ടികളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാകുന്നത് നിങ്ങള്‍ അത്രത്തോളം നോര്‍മലൈസ് ചെയ്തുവെച്ചിട്ടുണ്ട്. അത്തരം വ്യവസ്ഥാപിതരീതികള്‍ ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് നിങ്ങള്‍ക്ക് ചിരിയുണര്‍ത്തുന്ന തമാശയാണ്.

നിങ്ങളുടെ തീന്മേശയിലും മകന് പൊരിച്ചമീനും മുട്ടയും മകള്‍ക്ക് മീന്‍കറിയുടെ ചാറും ആയിരിക്കാം; അതിനെ മകള്‍ ചോദ്യം ചെയ്താല്‍ ആ കൊച്ചുകുഞ്ഞിനെ നിങ്ങള്‍ പരിഹസിക്കുമായിരിക്കാം; കാര്യം മനസ്സിലാകാതെയുള്ള അവളുടെ കണ്ണീര്‍ നിങ്ങളുടെ പൊട്ടിച്ചിരിയില്‍ നിഷ്പ്രഭമാകുമായിരിക്കാം; അങ്ങനെ ആ പ്രായത്തിലേ തന്നെ, ആണ്‍കുട്ടികള്‍ അര്‍ഹിക്കുന്നതൊന്നും താനര്‍ഹിക്കുന്നില്ലെന്ന ബോധം നിങ്ങളവളില്‍ കുത്തിവെക്കുന്നുണ്ടായിരിക്കാം!

പാലായാലും മുട്ടയായാലും മീനായാലും കോഴിക്കാലായാലും ആണുങ്ങള്‍ക്കു കൊടുത്ത് ബാക്കിയുള്ളത് മാത്രം തിന്നുശീലിച്ച അമ്മമാര്‍, ‘വിട്ടുകൊടുത്തു’ ശീലിപ്പിച്ചു വളര്‍ത്തുന്ന പെണ്‍കുട്ടികള്‍, ഈ പ്രിവിലേജ് തന്റെ ജന്മാവകാശമെന്ന് ധരിച്ചുവളരുന്ന ആണ്‍കുട്ടികള്‍; ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ സര്‍വസാധാരണമായ കാഴ്ചയാണ്. So normalized that the privileged idiots find a simple protesting statement against it worthy of mockery!

ഇവിടെ നില്‍ക്കുന്നില്ല, പ്രൈമറി സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അനുപാതം, സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അനുപാതം, സ്‌പോര്‍ട്ട്‌സ്, സിനിമ, ശാസ്ത്രഗവേഷണം പോലുള്ള മേഖലകള്‍ സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുക്കാന്‍ കഴിയുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അനുപാതം, വരുമാനമുള്ള ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും അനുപാതം (66% of women’s work is unpaid, compared to 12% of men’s work!), ഒരേ ജോലിയിലെ ശമ്പളത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം, വീട്ടുജോലികളിലെയും കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിലെയും പ്രയത്‌നത്തിലെ സ്ത്രീ പുരുഷ വ്യത്യാസം, ആശുപത്രിസേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതിലെ സ്ത്രീ പുരുഷ വ്യത്യാസം എന്നിങ്ങനെ ജെന്‍ഡര്‍ അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ ഓരോ തലത്തിലും ഓരോ പടിയിലുമുണ്ട്! എല്ലായിടത്തും മോശമാകുന്നത് സ്ത്രീയുടെ സൂചികയാണ്. ഇത് ഒട്ടും യാദൃശ്ച്ഛികമല്ല!

ഇതൊക്കെ സൗകര്യപൂര്‍വം മറന്ന്, സ്വന്തം വീട്ടിലെ സ്ത്രീകളെ അപേക്ഷിച്ച് തനിക്കുള്ള പ്രിവിലേജ് പോലും കണ്ണില്‍ പെടാത്തവിധം നോര്‍മലൈസ് ചെയ്ത, ഒരു കൊച്ചുപെണ്‍കുട്ടിയുടെ ‘പൊരിച്ചമീന്‍ കിട്ടാത്ത പരാതി’ അവള്‍ മുതിര്‍ന്നു ഫെമിനിസ്റ്റായെന്ന കാരണത്താല്‍ പരിഹാസവിഷയമായി തോന്നുന്ന, ‘ഇവിടെയെവിടെ സ്ത്രീവിവേചനം’ എന്നാശ്ചര്യപ്പെടുന്ന ഓരോരുത്തരോടും പറയാനുള്ളത് ഇത്രയേയുള്ളൂ… #OMKV -!