പതിനാലുകാരനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് പൊലീസ്‌

0
336

കൊല്ലം: ഒൻപതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് നിഗമനം. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ പറമ്പില്‍ കരിഞ്ഞ നിലയിൽ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്ക്കൊപ്പം സമീപവാസിയായ ഒരു അധ്യാപകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അധ്യാപകന്‌ സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.

ജിത്തു കുണ്ടറ എംജിഡി ബോയ്‌സ് എച്ച്എസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നുകയായിരുന്നു. ഇവർ പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്.

ജയമോളും ജിത്തുവും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടയില്‍ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് നിഗമനം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളില്‍ നിന്ന് കൊലപാതക സൂചന കിട്ടിയത്. മകനെ തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

കൊലയ്ക്കു പിന്നിൽ ആര്, എത്രപേർ, എന്തിന് എന്ന വിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ തെളിയുമെന്ന് എസിപി ജവഹർ ജനാർദ്ദ് പറഞ്ഞു.