പതിനാലുകാരന്റെ കൊലപാതകം: അമ്മ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് പോലീസ്

0
104

കൊല്ലം: കുണ്ടറയില്‍ പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജയമോള്‍ . അതേസമയം ഇവരെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

ജയമോള്‍ ഒറ്റയ്ക്കാണ് കൊലനടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നെങ്കിലും ജിത്തു പോയതാണ് കൊലപാതകത്തിന് പ്രകോപനമെന്ന് ജെയമോള്‍ മൊഴി നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന മകന്‍ അമ്മുമ്മ സ്വത്ത് തരില്ലായെന്ന് പറഞ്ഞതായി അറിയിച്ചു. തുടര്‍ന്ന് ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.

അതേസമയം കുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ഥികളടക്കമുള്ള ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

രണ്ടുദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെയാണ് വീടിനു സമീപത്തെ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്.
വസ്തു തര്‍ക്കത്തിന്റെ പേരില്‍ അമ്മയാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കുകയും മുഖം കരിഞ്ഞ് വികൃതമായ നിലയിലുമായിരുന്നു. മൃതദേഹം കത്തിക്കുന്നതിനു മുന്‍പ് വെട്ടിനുറുക്കിയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.