പത്മാവതിന്റെ വിലക്ക് നീക്കി

0
50

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം ‘പത്മാവത്’ നാല് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കി. സുപ്രീം കോടതിയാണ് വിലക്ക് നീക്കിയത്. ചിത്രം ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സിനിമ നാലു സംസ്ഥാനങ്ങളില്‍ നിരോധിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കളായ വിയകോം ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നതായും ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25 നാണ് പത്മാവത് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പത്മാവതി എന്നതിനു പകരം ‘പത്മാവത്’ എന്ന് പേരു മാറ്റുകയും വിവാദ രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ചിത്രം വിലക്കുകയായിരുന്നു.

രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങളാണ് ചിത്രം വന്‍ വിവാദമാകാനും റിലീസ് വൈകിക്കാനും കാരണമായത്. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കര്‍ണി സേന കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.