‘പത്മാവത്’ പ്രദര്‍ശനവിലക്ക്: നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം ഇന്ന്

0
52

ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്രം ‘പത്മാവത്’ ആറ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശനവിലക്ക് നേരിടുന്നതിനെതിരെ നിര്‍മാതാക്കളായ വയാകോം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നി ആറു സംസ്ഥാനങ്ങളാണ് സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിട്ടുള്ളത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് സിനിമയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടും നിരോധനം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിര്‍മാതാക്കളുടെ വാദം. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ഏതെങ്കിലും ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ വേണമെങ്കില്‍ സിനിമ പ്രദര്‍ശനം നിരോധിക്കാവുന്നതാണെന്ന് നേരത്തെ കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്ത് പൂര്‍ണമായി നിരോധിക്കാന്‍ ആവില്ലെന്ന് ഹര്‍ജിക്കാര്‍ വാദിക്കും.

ഈ മാസം 25 നാണ് പത്മാവത് സിനിമയുടെ റിലീസ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റിയിട്ടും ഏര്‍പ്പെടുത്തിയ വിലക്ക് രാജസ്ഥാന്‍, ഗുജറാത്ത്, സര്‍ക്കാരുകള്‍ പിന്‍വലിച്ചിട്ടില്ല.

ഡിസംബര്‍ 30നാണ് സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. പേര് പത്മാവത് എന്നാക്കണം, വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ നീക്കം ചെയ്യണം, ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് അറിയിപ്പ് നല്‍കണം എന്നീ ഉപാധികളോടെയായിരുന്നു പ്രദര്‍ശനാനുമതി. സെന്‍സര്‍ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് ശേഷവും ചിത്രത്തിനെതിരെ രജപുത് കര്‍ണിസേന ഉള്‍പ്പെടെ രംഗത്തെത്തി. പേര് മാറ്റിയതുകൊണ്ട് മാത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചിത്രം നിരോധിക്കണമെന്നും കര്‍ണിസേന ആവശ്യപ്പെട്ടു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടുമായി ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി. ഹരിയാന സര്‍ക്കാരും പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തി.

നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ, ചരിത്രസംഭവമാണോ എന്ന കോളത്തില്‍ നിര്‍മാതാക്കള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറാകാതിരുന്നത്.

രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക ചിത്രത്തില്‍ പത്മാവതിയായും രണ്‍വീര്‍ ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജിയായും എത്തുന്നു. ചലച്ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പടുത്തുന്നതാണെന്നും വ്യക്തമാക്കി രജപുത് കര്‍ണിസേന എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധവുമായെത്തിയത്. ചിത്തോര്‍ഗഢ് കൊട്ടാരം ആക്രമിച്ച അലാവുദിന്‍ ഖില്‍ജിക്ക് കീഴില്‍ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കര്‍ണിസേന പറയുന്നു.

പത്മാവതിയുടെ ചിത്രീകരണസമയത്ത് തന്നെ രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തി. രാജസ്ഥാനിലെ ചിത്രീകരണ സ്ഥലത്തുവരെ ആക്രമണങ്ങള്‍ നടന്നു. പ്രതിഷേധങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്‍മാറുന്നില്ലെന്ന് കണ്ടതോടെ സംവിധായകനും നടിക്കും എതിരെ വധഭീഷണി ഉയര്‍ന്നു. ദീപികയുടെയും ബെന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു രംഗത്തെത്തി. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം തെരഞ്ഞെടുത്ത ചില ടിവി ചാനലുകള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചതും വിവാദം സൃഷ്ടിച്ചു.