പുരുഷന്‍മാരെ, അവളുടെ സംരക്ഷണവും സ്വാതന്ത്ര്യവും എന്ന് മുതലാണ് നിങ്ങള്‍ക്ക് തീറെഴുതിത്തന്നത്?

0
121

ആരതി എം.ആര്‍

സമൂഹമാധ്യമങ്ങള്‍ തുറന്നാല്‍ പൊരിച്ച മീനിന്റെ കഥകള്‍ നിറഞ്ഞൊഴുകുകയാണ്. ഒരിടത്ത് പൊരിച്ച മീന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫെമിനിസ്റ്റ് ആയത് ദാരിദ്ര്യം കൊണ്ടാണെന്നുള്ള പരിഹാസങ്ങള്‍, മറുവശത്ത് പൊരിച്ച മീന്‍ കൊടുക്കുന്നതില്‍ മാത്രമല്ല മുലയൂട്ടുന്നതില്‍ തുടങ്ങി പെണ്‍കുട്ടികളോടുള്ള വിവേചനങ്ങളുടെ തുറന്ന് എഴുത്തുകള്‍. ട്രോളുന്നവര്‍ പുരുഷന്മാരും തുറന്നെഴുത്തുകള്‍ക്ക്‌ പിന്നില്‍ പെണ്ണുങ്ങള്‍ ആണെന്നും പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ…

ടെഡ് എക്‌സ് സംഘടിപ്പിച്ച വേദിയില്‍ ‘മലയാള സിനിമയിലെ ലിംഗവിവേചനം’ എന്ന വിഷയത്തില്‍ റിമ കല്ലിങ്കല്‍ നടത്തിയ പ്രസംഗമാണ് ഇത്രയേറെ പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അവിടെ റിമ ചൂണ്ടിക്കാട്ടിയ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മീന്‍ പൊരിച്ചത് മാത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നതെന്ന് ആലോചിച്ചാല്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ത്തി അതിനെ നിസാരവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമെന്നേ കരുതാനാകൂ.

ഭക്ഷണത്തില്‍, ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍, സഞ്ചാര സ്വാതന്ത്ര്യത്തില്‍, സമയ നിയന്ത്രണങ്ങളില്‍ ഒക്കെ ബാല്യം കാലം മുതല്‍ അനുഭവിക്കുന്ന വിവേചനം എത്രത്തോളം മുറിവുകള്‍ ഉണ്ടാക്കുന്നുവെന്ന് അനുഭവിച്ച് അറിഞ്ഞാലേ മനസ്സിലാകൂ. അങ്ങനെ ആഗ്രഹിക്കുന്നത് കിട്ടാതാകുമ്പോഴുള്ള വേദനയില്‍ കരഞ്ഞുപോയാല്‍, നേടണമെന്ന് വാശി പിടിച്ചാല്‍ പിന്നെ പറയുന്നത്‌ കരഞ്ഞ് എല്ലാം നേടിയെടുക്കുന്ന പെണ്ണ് എന്നാണ്. സത്യത്തില്‍ പെണ്ണിന്റെ കണ്ണുനീര്‍ കാണാന്‍ വേണ്ടി മാത്രമല്ലേ നിങ്ങള്‍ അവളുടെ ആഗ്രഹങ്ങളോട്, ആവശ്യങ്ങളോട് ‘വേണ്ട’ എന്ന് നിഷ്‌കരുണം പറയുന്നത്. ഇവിടെ പുരുഷാധിപത്യക്കാര്‍ക്ക്‌ പറയാനുള്ള വിശദീകരണം നിങ്ങളുടെ സംരക്ഷണത്തിനാണെന്നാണ്. അവളുടെ സംരക്ഷണവും സ്വാതന്ത്ര്യവും എന്ന് മുതലാണ് നിങ്ങള്‍ക്ക് തീറെഴുതിത്തന്നത്‌?

ഫെമിനിസം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടുകളെ ഏറെ തെറ്റിദ്ധരിച്ചിട്ടുള്ള സമൂഹമാണ് കേരളം. ആണിനും പെണ്ണിനും തുല്യ അവകാശം, നീതി, സമത്വം ഇത്രമാത്രമാണ് അത് മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍. പക്ഷേ ‘തുല്യത’ഹറാമായ പുരുഷാധിപത്യ സമൂഹം മറ്റൊരു രീതിയിലാണ് അത് അവതരിപ്പിച്ച് കണ്ടിട്ടുള്ളത്. ഫെമിനിച്ചി പുകവലിക്കുമെന്നും മദ്യപിക്കുമെന്നും തെണ്ടി കറങ്ങി നടക്കുമെന്നും ഒക്കെ അവര്‍ പ്രചരിപ്പിക്കുന്നു. എന്തിനേറെ പറയുന്നു ഫെമിനിസം എന്ന ആശയം പെണ്‍കുട്ടികളുടെ ഉള്ളില്‍ കുത്തിനിറച്ച് അവരെ കുടുംബങ്ങളില്‍ നിന്ന് അകറ്റി ദുരുപയോഗം ചെയ്യാനാണ് പദ്ധതി എന്ന് വരെ പറഞ്ഞുപരത്തുന്ന വിദ്വാന്‍മാര്‍ നമുക്കിടയിലുണ്ട്.

കള്ള ഫെമിനിസ്റ്റ് ആയ റിമ കല്ലിങ്കനോട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടൊപ്പം സെറ്റില്‍ ആഹാരം കഴിക്കണമെന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് വീട്ടിലെ സ്ത്രീകളോട് പൊരിച്ച മീനിന്റെ നിജസ്ഥിതി ചോദിക്കാന്‍ ആവേശം കാണിക്കുന്നില്ല. സ്ത്രീ അത് ഏത് പ്രായത്തിലുള്ളവരാണെങ്കിലും ത്യാഗം ചെയ്യുന്നവരും അബലകളും പുരുഷന്റെ നിഴലും ആകണമെന്ന് നിങ്ങള്‍ എന്തിനാണ് കടുംപിടിത്തം കാണിക്കുന്നത്?

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യവേതനമില്ല, സാറ്റലൈറ്റ് അവകാശം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണ് തുടങ്ങി ഏറെ കാലികപ്രസക്തമായ കാര്യങ്ങളും റിമ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പൊരിച്ചമീനും പുലിമുരുകനും മാത്രം ചര്‍ച്ചാവിഷയമാകുന്നത്?