പ്രിയപ്പെട്ട പശുവിനെ പൊലീസില്‍ ഏല്പിച്ച്‌ അബ്ദുള്‍ ഗഫാര്‍

0
37

തന്റെ പ്രിയപ്പെട്ട പശുവിനെ പൊലീസില്‍ ഏല്പിച്ച്‌ അബ്ദുള്‍ ഗഫാര്‍. താന്‍ സുരക്ഷിതനല്ലെന്ന തോന്നലാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് ഗഫാര്‍ പൊലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അബ്ദുള്‍ ഗഫാര്‍ സമാജ് വാദി
പാര്‍ട്ടി പ്രാദേശിക നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമാണ്.

അബ്ദുള്‍ ഗഫാറിന് സഹോദരി സമ്മാനമായി കൊടുത്ത പശുക്കിടവായിരുന്നു അത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നൗചാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ പ്രിയപ്പെട്ട പശുവിനെ അദ്ദേഹം കൈമാറിയത്.

കുടുംബക്കാര്‍‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം ഗഫാര്‍ സ്റ്റേഷനിലെത്തിയത്. സഞ്ജയ് കുമാര്‍ എന്ന പൊലീസ് ഓഫിസറുടെ കൈകളിലേയ്ക്കാണ്‌ തന്റെ പശുവിനെ അദ്ദേഹം കൊടുത്തത്.

തന്റെ പശുവിനെ നന്നായി പരിപാലിക്കുന്ന ആര്‍ക്കെങ്കിലും, അതല്ലെങ്കില്‍ ഏതെങ്കിലും സംഘടനയ്‌ക്കോ കൈമാറിക്കൊള്ളാനാണ് ഗഫാര്‍ സഞ്ജയ് കുമാറിനോട് ആവശ്യപ്പെട്ടത്. എല്ലാ മാസവും താന്‍ അവളെ പോയി കണ്ടുകൊള്ളാമെന്നും ഗഫാറിന്റെ ഉറപ്പ്. താന്‍ വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമായിരുന്നു വളര്‍ത്തിക്കൊണ്ടു വന്നതെന്നും പശുവിനെ കൈമാറി കഴിഞ്ഞ ശേഷം ഗഫാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പശുവിനെ കൈമാറിയതിന്റെ രസീത് തനിക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടിയിട്ടുണ്ടെന്നും ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയുടെ നിര്‍ദേശം ഇല്ലെന്നും സ്വന്തം തീരുമാനം പ്രകാരം മാത്രമാണ് ഇതെന്നും മനസൂര്‍ നഗര്‍ നിവാസിയായ ഗഫാര്‍ വ്യക്തമാക്കുന്നു.