ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗം: ഹരിയാന എഡിജിപി

0
39

ഛണ്ഡിഗഡ്: ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് ഹരിയാന അംബാല റെയ്ഞ്ച് എഡിജിപി ആര്‍സി മിശ്ര. ഇത്തരം സംഭവങ്ങള്‍ എല്ലാക്കാലത്തും സംഭവിക്കുന്നുണ്ടെന്നും പോലീസിന്റെ ജോലി ഇത് അന്വേഷിക്കുകയും കുറ്റവാളികളെ പിടിക്കുകയും കുറ്റം തെളിയിക്കുകയുമാണെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. ഹരിയാനയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് എഡിജിപിയുടെ പ്രസ്താവന. വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

ജിന്ദ്, പാനിപട്ട്, ഫരിദാബാദ് ജില്ലകളിലാണ് കഴിഞ്ഞദിവസങ്ങളില്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം ഫതേഹാബാദിലെ ഭൂതാന്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെ മറ്റൊരു ബലാത്സംഗ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 20 വയസ്സുകാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഫതേഹാബാദ് വനിതാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിമല ദേവി അറിയിച്ചു.

അതേസമയം എഡിജിപിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി പറയുന്നത്. ബിജെപി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹരിയാനയിലെ ബിജെപി വക്താവ് ജവഹര്‍ യാദവ് അവകാശപ്പെടുന്നു. മുന്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല, എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ കേസുകളില്‍ അന്വേഷണം നടത്തുകയും സ്ത്രീകള്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു- യാദവ് കൂട്ടിച്ചേര്‍ത്തു.