മാധ്യമങ്ങള്‍ക്കുള്ള വ്യാജ വാര്‍ത്താ പുരസ്‌കാരം ട്രംപ് പ്രഖ്യാപിച്ചു

0
51

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ‘വ്യാജ വാര്‍ത്താ’ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിഷേധം. യുഎസിലെ മുന്‍നിര ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിനാണ് വ്യാജ വാര്‍ത്താ പുരസ്‌കാരം ലഭിച്ചത്. എബിസി ന്യൂസ്, സിഎന്‍എന്‍, ടൈം, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങള്‍ക്കും ‘വ്യാജ വാര്‍ത്തകളുടെ പേരില്‍’ പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ഉള്ളതായി ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപ് പത്രസ്വാതന്ത്ര്യത്തിനെതിരെ സ്റ്റാലിന്റെ ഭാഷയിലാണ് പെരുമാറുന്നതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വ്യാജ വാര്‍ത്താ പ്രഖ്യാപനം തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്സൈറ്റിലും പട്ടികയുടെ ലിങ്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രഖ്യാപനത്തിന് പിന്നാലെ ആളുകളുടെ തള്ളിക്കയറ്റത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈബ്‌സൈറ്റ് തകരാറിലായി.

അമേരിക്കയില്‍ മികച്ച മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണിത്. യുഎസ് ജനതയ്ക്ക് അഭിമാനിക്കാവുന്ന വാര്‍ത്തകളാണ് ഇവര്‍ നല്‍കിയതെന്നും പരിഹാസ സ്വരത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച ദിവസം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് അസാധ്യമെന്നു വാര്‍ത്ത നല്‍കിയതിനാണ് ന്യൂയോര്‍ക്ക് ടൈംസിന് അവാര്‍ഡ് പ്രഖ്യാപിച്ചത്. എബിസി ന്യൂസിനാണ് രണ്ടാം സ്ഥാനം. വിക്കിലീക്‌സ് രേഖകള്‍ കാണാന്‍ ട്രംപിനും മകനും അനുവാദമുണ്ടെന്നു വാര്‍ത്ത നല്‍കിയ സിഎന്‍എന്നിന് മൂന്നാം സ്ഥാനമാണ്. വാഷിങ്ടന്‍ പോസ്റ്റിന് നാലാം സ്ഥാനവും നല്‍കി.

എന്നാല്‍ തന്റെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന നല്ല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ ട്രംപ് വിമര്‍ശിച്ചു. ഐഎസിന്റെ പിന്‍വാങ്ങല്‍, യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്കാകില്ല. തന്റെ ഭരണത്തിന്‍ കീഴില്‍ യുഎസ്എ വീണ്ടും ഉന്നതങ്ങളിലേക്ക് പോകുകയാണെന്നും ട്രംപ് അവകാശപ്പെടുന്നു.