മുംബൈ സിറ്റി എഫ്‌സിയെ 3-1ന് തകര്‍ത്തു: ബെംഗളുരു എഫ്‌സി ഒന്നാമത്

0
53

മുംബൈ: മുംബൈ സിറ്റി എഫ്‌സി യ്‌ക്കെതിരെ ബെംഗളുരു എഫ്‌സി ക്ക് മിന്നുന്ന ജയം. സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ 3-1നാണ് ബെംഗളുരു മുംബൈ സിറ്റിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ ബെംഗളുരുവില്‍ നിന്ന് നേരിടേണ്ടി വന്ന ഈ തോല്‍വി മുംബൈയെ കാര്യമായി തന്നെ ബാധിക്കും. സുനില്‍ ഛേത്രി (43, 52), നിക്കോളസ് ഫെഡോര്‍ മികു(63) എന്നിവരുടെ ഗോളുകളിലാണ് ബെംഗളുരുവിന്റെ ജയം. ലിയോ കോസ്റ്റയാണ് (76) മുംബൈയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബല്‍വന്ത് സിങ്ങിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ബെംഗളുരുവിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി വീണ്ടും ലക്ഷ്യം കണ്ടു. 52-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിന്റെ അസിസ്റ്റില്‍ വീണ്ടും ഛേത്രിയുടെ ഗോള്‍. 63-ാം മിനിറ്റില്‍ മികുവും ഗോള്‍ നേടിയതോടെ ബെംഗളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

സീസണിലെ മുംബൈയുടെ അഞ്ചാം തോല്‍വിയാണ് ഇത്. ജയത്തോടെ 21 പോയിന്റുമായി ബെംഗളുരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് മുംബൈ സിറ്റി എഫ്‌സി.