റൊണാള്‍ഡീഞ്ഞോ, മറക്കില്ല സാന്റിയാഗോ ബെര്‍ണബ്യൂവിലെ ആ കൈയ്യടികള്‍…

0
120


കെ.ശ്രീജിത്ത്‌

ഫുട്‌ബോള്‍ ഒരു സര്‍ഗാത്മക കലാസൃഷ്ടിയാണെന്ന് നമ്മുക്ക് തോന്നുന്നത് റൊണാള്‍ഡീഞ്ഞോയെപ്പോലുള്ളവര്‍ കളിക്കുമ്പോഴാണ്. ഭാവനയും സൗന്ദര്യവും ഇഴ ചേര്‍ന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചാരുത ആ കളിയില്‍ കാണാം. പന്ത് ആ മനുഷ്യന്റെ കാലുകളിലെത്തുമ്പോള്‍ തൊട്ട് പിന്നങ്ങോട്ട് അതൊരു നൃത്തമാണ്. ഒരു ബാലെ ഡാന്‍സറെപ്പോലെ മൈതാനത്ത് ഫുട്‌ബോളുമായി അയാള്‍ നൃത്തം ചെയ്ത് തുടങ്ങുന്നു. എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയിലൂടെയും അയാള്‍ക്ക് ആ പന്ത് വെട്ടിച്ചുകൊണ്ടുപോകാന്‍ കഴിയും. അത്രമേല്‍ നിയന്ത്രണവും മെയ് വഴക്കവും. എങ്ങിനെയാണ് ഇത്രമാത്രം ശ്രദ്ധയോടെ ആ പന്തിനെ ലാളിക്കാന്‍, തലോടാന്‍ അയാള്‍ക്ക് കഴിയുന്നതെന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ ഓര്‍ത്തുപോകും. എന്നാല്‍ അയാള്‍ക്കത് എളുപ്പമാണ്. കാരണം അയാള്‍ കളിക്കുകയല്ല. അതില്‍ ആനന്ദം കൊള്ളുകയാണ്. ഫുട്‌ബോള്‍ അയാള്‍ക്ക് ഒരു കളിയല്ല. മറിച്ച്, കവിതയെഴുതുന്നതുപോലെ ആത്മസൗന്ദര്യം നിറഞ്ഞൊരു പ്രവൃത്തിയാണ്.

മൈതാനമധ്യത്ത് അയാള്‍ ഭാവന കൊണ്ടും പ്രതിഭ കൊണ്ടും ആയിരം പൂക്കള്‍ വിരിയിക്കും. അവിടെ അയാള്‍ സര്‍വസൈന്യാധിപനാണ്. രക്തം ചിന്താത്ത സൈന്യാധിപന്‍. ഫുട്‌ബോളാണ് അയാളുടെ ആയുധം. അതുകൊണ്ട് അയാള്‍ എതിരാളികളെ വലയ്ക്കും. വെള്ളം കുടിപ്പിക്കും. അയാളുടെ കാലുകളില്‍ നിന്ന് ആ പന്തൊന്ന് റാഞ്ചാന്‍ അയാള്‍ക്ക് ചുറ്റും എത്ര വട്ടമിട്ട് ഓടിയാലും കഴിയില്ല. പന്ത് അയാളുടെ കാലുകളില്‍ ഒട്ടിയതുപോലെയാണ്. അയാള്‍ക്കുനേരെ വരുന്നവരില്‍ നിന്ന് ചടുലമായി അയാള്‍ വെട്ടിയൊഴിയും. അത് ഒന്നോ രണ്ടോ മൂന്നോ ആകാം. വെട്ടിയൊഴിയാന്‍ കിട്ടുന്ന അവസരങ്ങള്‍ കൂടുംതോറും അയാള്‍ സന്തോഷിക്കും. കാരണം അതിലൊരു ആനന്ദമുണ്ട്. കാണികളുടെ കരഘോഷങ്ങള്‍ക്ക് അപ്പുറത്താണ് ആ ആനന്ദം. അതയാള്‍ എപ്പോഴും ആവോളം ആസ്വദിച്ചു.

ഗോളടിക്കാനല്ല, ഗോളടിപ്പിക്കാനാണ് അയാള്‍ എന്നും ഇഷ്ടപ്പെട്ടത്. എന്നാല്‍ അയാള്‍ ഗോള്‍ അടിച്ചപ്പോഴൊക്കെ ലോകം ആ കാല്‍ക്കീഴില്‍ നമിച്ചു. ഒപ്പം കളിക്കുന്നവരെക്കാള്‍ ഒരുപടി മുന്നിലായിരുന്നു അയാള്‍ എന്നും. അത് അയാള്‍ കൃത്രിമമായി ആര്‍ജിച്ചെടുത്തതല്ല. അയാളുടെ ഉള്ളില്‍ നിന്നും ഒഴുകിയെത്തുന്നതാണ്. ആ ഒഴുക്കില്‍ അയാള്‍ എത്ര ദൂരം വേണമെങ്കിലും പോകുമായിരുന്നു. എത്ര പേരെ വേണമെങ്കിലും മറികടക്കുമായിരുന്നു. അപ്പോള്‍ അയാളുടെ ഉള്ളില്‍ ആ പന്ത് മാത്രമെയുള്ളൂ. ആ പന്തിനെ മാത്രമെ അയാള്‍ കാണുന്നുള്ളൂ. ചുറ്റിലും നടക്കുന്നതൊന്നും അയാള്‍ അറിയുന്നില്ല. അതുകൊണ്ടാണ് അയാള്‍ക്ക് എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ കഴിയുന്നത്.

2002ല്‍ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടിയത് റൊണാള്‍ഡീഞ്ഞോ കൂടി അംഗമായ ബ്രസീലാണ്. അന്ന് ബ്രസീല്‍ ലോകകപ്പിനെത്തിയത് വലിയ സാഹസങ്ങള്‍ കാണിച്ചാണ്. യോഗ്യതാ മത്സരങ്ങളില്‍ തുടരെത്തുടരെ തോറ്റ്, ഒരുപക്ഷെ ബ്രസീലില്ലാത്ത ഒരു ലോകകപ്പ് കാണേണ്ടിവരുമെന്ന് വരെ തോന്നിയിരുന്നു. എന്നാല്‍ കഷ്ടിച്ച് യോഗ്യത എന്ന കടമ്പ കടന്ന് ലോകകപ്പിനെത്തിയപ്പോള്‍ അവര്‍ക്ക് ആരും സാധ്യത കല്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പ് തുടങ്ങിയതോടെ ബ്രസീലിന്റെ നിറം മാറി. സാക്ഷാല്‍ ചാമ്പ്യന്‍മാരുടെ കളി അവര്‍ പുറത്തെടുത്തു. റൊണാള്‍ഡോയും റോണാള്‍ഡീഞ്ഞോയും ചേര്‍ന്ന സഖ്യം തകര്‍ത്തുകളിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ ഫ്രീകിക്ക് ഗോള്‍ ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം ആസ്വാദകര്‍ക്ക് മറക്കാന്‍ കഴിയില്ല. അത്രമാത്രം മനോഹരമായിരുന്നു അത്. പ്രത്യേകിച്ചും മൈക്കല്‍ ഓവന്റെ ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്ന ശേഷമാണ് ബ്രസീല്‍ മത്സരത്തില്‍ തിരിച്ചുവന്നത്. ഒടുവില്‍ റൊണാള്‍ഡീഞ്ഞോയുടെ മനോഹര ഗോളിന്റെ കൂടി ബലത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നു. അന്ന് റൊണാള്‍ഡീഞ്ഞോയുടെ ഉഗ്രരൂപം ഫുട്‌ബോള്‍ ആസ്വാദകര്‍ കണ്ടു. ആ കളിയുടെ ക്ലാസ് എന്താണെന്ന് അവര്‍ അറിഞ്ഞു. എങ്ങിനെയാണ് റൊണാള്‍ഡീഞ്ഞോ ഒരു ഫുട്‌ബോള്‍ ഇതിഹാസമാകുന്നതെന്ന ചോദ്യത്തിന് ആ ഒരൊറ്റ ഫ്രീക്ക് ഗോള്‍ മാത്രം മതി മറുപടിയായി. അതാണ് റൊണാള്‍ഡീഞ്ഞോ. ഏത് പ്രതിരോധനിരയിലൂടെയും വെട്ടിക്കയറി ഗോളടിക്കാന്‍ കഴിവുള്ള അസാമാന്യ പ്രതിഭ. അദ്ദേഹം കളിക്കുന്ന കാലത്ത് റൊണാള്‍ഡോ ആയിരുന്നു ബ്രസീലിന്റെ ഏറ്റവും വലിയ താരം. എന്നാല്‍ റൊണാള്‍ഡോയെക്കാള്‍ എന്തുകൊണ്ടും ‘ക്ലാസ് ‘ തനിക്കാണെന്ന് പലപ്പോഴും റൊണാള്‍ഡീഞ്ഞോ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഗോളടിക്കുന്നവരോട് എക്കാലത്തും ലോകത്തിന് പ്രത്യേകമായൊരു മമതയുണ്ട്. അവര്‍ക്ക് താരപരിവേഷമുണ്ട്. വീരപരിവേഷമുണ്ട്. റൊണാള്‍ഡോ ആ പരിവേഷത്തില്‍ മുങ്ങിയപ്പോള്‍ റൊണാള്‍ഡീഞ്ഞോ നിശബ്ദനായി, പരാതികളില്ലാതെ അവിടെയുണ്ടായിരുന്നു. അയാള്‍ അന്നും ഇന്നും എന്നും ഒരു ഇതിഹാസമായി അവിടെത്തന്നെയുണ്ടായിരുന്നു.

പഴയൊരു കഥയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമൊക്കെ താരങ്ങളാകുന്നതിന് മുമ്പുള്ള കഥ. കൃത്യമായി പറഞ്ഞാല്‍ 2005 നവംബറില്‍ സംഭവിച്ചത്. സ്പാനിഷ് ക്ലബ് ഫുട്‌ബോളായ ലാലിഗയില്‍ ബാഴ്‌സിലോണയുടെയും റയല്‍ മാഡ്രിഡിന്റെയും ആരാധകര്‍ തമ്മിലുള്ള കുടിപ്പകയ്ക്കും വൈരാഗ്യത്തിനും പതീറ്റാണ്ടുകളുടെ പഴക്കമുണ്ട്. എതിര്‍ ടീമിലെ കളിക്കാരെ അവര്‍ ശത്രുക്കളായാണ് കാണുന്നത്. റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിലുള്ള കളിയെ അവര്‍ ‘യുദ്ധ’മായാണ് കാണുന്നത്. സ്വന്തം ടീമില്‍ നിന്ന് പോയ കളിക്കാര്‍ എതിര്‍ ടീമിനുവേണ്ടി കളിക്കുമ്പോള്‍ അവരെ മൈതാനത്ത് ഇറങ്ങാന്‍ സമ്മതിക്കാത്ത വിധം കൂവി വിളിക്കുന്നവരാണ് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍. അങ്ങിനെയുള്ള റയല്‍ മാഡ്രിഡ് ആരാധകര്‍ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബാഴ്‌സിലോണയ്ക്കുവേണ്ടി കളിക്കുന്ന റൊണാള്‍ഡീഞ്ഞോയെ എഴുന്നേറ്റുനിന്ന് കൈയടിച്ച് ബഹുമാനിച്ചു. എണ്ണം പറഞ്ഞ ഒരു ഗോള്‍ സ്വന്തം ടീമിന്റെ വലയില്‍ റൊണാള്‍ഡീഞ്ഞോ അടിച്ചുകയറ്റിയപ്പോഴായിരുന്നു അത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു അത്. ചരിത്രം. അതാണ് റൊണാള്‍ഡീഞ്ഞോ. ശത്രുക്കളെക്കൊണ്ട് പോലും കൈയ്യടിപ്പിക്കും അയാള്‍. അതാണ് കളി. അതാണയാളുടെ ‘ക്ലാസ് ‘. ആ വര്‍ഷം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലന്‍ ദി ഓറും അയാളെ തേടിയെത്തി. ആ പുരസ്‌കാരത്തിലെത്താന്‍ ബെര്‍ണബ്യൂവിലെ കൈയ്യടി കുറച്ചൊന്നുമല്ല റൊണാള്‍ഡീഞ്ഞോയെ സഹായിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റൊണാള്‍ഡീഞ്ഞോ ഇന്ത്യയിലുമെത്തി. ഫുട്‌സാല്‍ കളിക്കാരനായി. അതൊന്നും അയാളുടെ ഫുട്‌ബോള്‍ കളിയോളം വരില്ല. ഫുട്‌ബോളാണ് റൊണാള്‍ഡീഞ്ഞോയെ അടയാളപ്പെടുത്തുന്നത്. അയാളുടെ ഉള്ളിലും പതിഞ്ഞുകിടക്കുന്നത് മറ്റൊന്നുമല്ല, ഫുട്‌ബോള്‍, ഫുട്‌ബോള്‍ മാത്രം. അതിനുവേണ്ടിയാണ് അയാള്‍ ജനിച്ചത്. അതിനുവേണ്ടിയാണ് അയാള്‍ ജീവിച്ചത്. ഗോളടിക്കുമ്പോള്‍, ബ്രസീല്‍ ജയിക്കുമ്പോള്‍ വിശ്വപ്രസിദ്ധമായ ആ ചിരി ഇനി ഫുട്‌ബോള്‍ മൈതാനങ്ങളിലുണ്ടാകില്ല. പക്ഷെ ലോകമെമ്പാടുമുള്ള ആരാധകരുടെ, ഫുട്‌ബോള്‍ സ്‌നേഹികളുടെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും അത് മായില്ല. ആര്‍ക്കുമത് മായ്ച്ചുകളയാന്‍ കഴിയില്ല. കാരണം അത് ആ ഹൃയങ്ങളോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്. അത് അടര്‍ത്തി മാറ്റാന്‍ കഴിയില്ല. ഗുഡ്‌ബൈ റൊണാള്‍ഡീഞ്ഞോ, ഗുഡ്‌ബൈ…