വയല്‍ നികത്തി റോഡ് നിര്‍മാണം: തോമസ് ചാണ്ടി ഒന്നാം പ്രതി

0
55

ആലപ്പുഴ: വയല്‍നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ച കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ മുന്‍ കലക്ടര്‍ പി.വേണുഗോപാലാണ് രണ്ടാം പ്രതി. ആകെ 22 പ്രതികളാണ് കേസിലുള്ളത്. ഏപ്രില്‍ 19ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ഇന്നാണ് എഫ്‌ഐആര്‍ നല്‍കിയത്.

സംഭവത്തില്‍ തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആവശ്യം. തോമസ് ചാണ്ടിയെ കൂടാതെ ആലപ്പുഴ മുന്‍ കലക്ടര്‍ പി. വേണുഗോപാല്‍, സബ്കലക്ടര്‍ സൗരഭ് ജെയിന്‍, എഡിഎം കെ.പി. തമ്പി തുടങ്ങിയവരും പട്ടികയിലുണ്ട്.

തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റിയത് ഇന്നായിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന കോട്ടയം യൂണിറ്റിനു പകരം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നടപടി ക്രമത്തിന്റെ ഭാഗമായാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.