വലിയകുളം-സീറോ ജെട്ടി റോഡിനായി വയല്‍ നികത്തിയില്ല; നടന്നത് മണ്ണിട്ട് ഉയര്‍ത്തല്‍ മാത്രം; വിജിലന്‍സ് സംഘത്തെ മാറ്റിയതിന്‌ പിന്നില്‍ ഈ ബോധ്യമെന്ന്‌ സൂചന

0
109

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വലിയകുളം-സീറോ ജെട്ടി റോഡ്‌ നിര്‍മാണത്തില്‍ തോമസ്‌ ചാണ്ടി ഗൂഢാലോചന
നടത്തിയോ? ഈ റോഡ്‌  നിര്‍മാണത്തില്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം അടക്കമുള്ള കുറ്റങ്ങള്‍ തോമസ്‌ ചാണ്ടി ചെയ്തതായി കണ്ടെത്തിയ കോട്ടയം വിജിലന്‍സ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നീക്കിയതോടെയാണ് ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നാണ് ഇനി ഈ കേസ് അന്വേഷിക്കുക.
വലിയകുളം-സീറോ ജെട്ടി റോഡ്‌ നിര്‍മാണവും തോമസ്‌ ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെടുത്തിയതില്‍ കേസ് അന്വേഷിച്ച കോട്ടയം വിജിലന്‍സ് യൂണിറ്റിനു തെറ്റ് പറ്റിയതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് അന്വേഷണ സംഘത്തെ മാറ്റി എന്ന 24 കേരളയുടെ ചോദ്യത്തിന്‌ വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരം നല്‍കിയതുമില്ല.

ഈ കേസില്‍ ഇതുവരെ അന്വേഷണം നടത്തിയ കോട്ടയം വിജിലന്‍സ് യൂണിറ്റിനെ മാറ്റിയാണ് പുതിയതായി
അന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സിലെ ഒന്നാം യൂണിറ്റിനെ ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് കേസ് അന്വേഷിച്ച കോട്ടയം വിജിലന്‍സ് യൂണിറ്റിലെ ഒരാളും പുതിയ സംഘത്തിലില്ല.

തോമസ്‌ ചാണ്ടിയുടെ കായല്‍-ഭൂമി കയ്യേറ്റങ്ങള്‍ വിവാദമായപ്പോഴാണ് വലിയകുളം-സീറോ ജെട്ടി റോഡ്‌ നിര്‍മാണവും വിവാദ വിഷയമായി ഉയര്‍ന്നു വന്നത്. ഈ റോഡും തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേയ്ക്കാണ്‌
എന്ന രീതിയില്‍ ആരോപണം ഉയരുകയും എംപി ഫണ്ട് വഴി നിര്‍മിച്ച വലിയകുളം-സീറോ ജെട്ടി റോഡ് വിവാദത്തില്‍ ഉള്‍പ്പെടുകയുമായിരുന്നു.

ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക്‌
റോഡ് പണിതത് പാടം നികത്തിയാണെന്ന്‌
കോട്ടയം വിജിലന്‍സ് യൂണിറ്റ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. അന്വേഷണത്തില്‍ വിജിലന്‍സ് യൂണിറ്റിന്‌ പാകപ്പിഴകള്‍ വന്നതായി അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഫയലില്‍ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് കോട്ടയം വിജിലന്‍സ് സംഘം തരിത്വാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.  എംപിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള മണ്ണിട്ട് ഉയര്‍ത്തല്‍ ആണ് അവിടെ നടപ്പായത്. തുക നല്കിയതും എംപി ഫണ്ടില്‍ നിന്നാണ്.

കെ.ഇ ഇസ്മായിലിന്റെയും  പി.ജെ കുര്യന്റെയും എംപി ഫണ്ടില്‍ നിന്നാണ് പണമനുവദിച്ചത്. നാല് മീറ്റര്‍ വീതിയില്‍ ആണ് റോഡ്‌ മണ്ണിട്ട് ഉയര്‍ത്താന്‍ നിര്‍ദേശം വന്നത്. അപ്പോള്‍ മൂന്നു സെന്റ്‌ വയല്‍ നികത്തേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ആ രീതിയില്‍ മണ്ണിട്ട് വീതി കൂട്ടേണ്ടതില്ല എന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വയല്‍ നികത്തിയിട്ടുമില്ല.

പാടം മണ്ണിട്ട് നികത്തി എന്ന ആരോപണം ഉയരാതിരിക്കാന്‍ വേണ്ടിയാണ് പാടം നികത്തി വീതി കൂട്ടേണ്ട എന്ന് തീരുമാനിച്ചത്. പാടം നികത്താതെ മണ്ണിട്ട് റോഡ്‌ ഉയര്‍ത്തിയാല്‍ മതിയെന്ന് അന്നത്തെ കളക്ടര്‍ ആയിരുന്ന വേണുഗോപാല്‍ ആണ് ഫയലില്‍ രേഖപ്പെടുത്തിയത്. വിവാദം ഉയരാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പകരം മണ്ണിട്ട് ഉയര്‍ത്തി, ബണ്ട് റോഡ്‌ ജനങ്ങള്‍ക്ക് കാല്‍നട യാത്രയ്ക്ക് ഉപകാരപ്പെടുന്നതാക്കി.

ഈ റോഡ്‌ തോമസ്‌ ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേയ്‌ക്കോ അതുമല്ലെങ്കില്‍ ആരുടെയും വീട്ടിലേക്കുമല്ല. തൊട്ടടുത്ത തുരുത്തിലേക്കുള്ള 60 കുടുംബങ്ങള്‍ ഈ റോഡ്‌ ആണ് ഉപയോഗിക്കുന്നത്. തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തിയതോടെ ഈ മൂന്നു മീറ്റര്‍ ബണ്ട് റോഡ്‌ മണ്ണിട്ട് ഉയര്‍ത്തിയതും വിവാദത്തിന്റെ നിഴലിലായി.

ഈ റോഡ്‌ മണ്ണിട്ട് ഉയര്‍ത്തുന്നത് അഞ്ച് വര്‍ഷം മുന്‍പാണ്. പാടം നികത്തി റോഡ്‌ നിര്‍മിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമായിരുന്നുവെന്ന് തോമസ്‌ ചാണ്ടി വിവാദം ഉയര്‍ന്ന നാളുകളില്‍ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതൊരു ബണ്ട് റോഡ്‌ ആണ്.

ഈ ബണ്ട് റോഡില്‍ അഞ്ചു വര്‍ഷം മുന്‍പ് ചെയ്തത് മൂന്നു മീറ്റര്‍ മണ്ണിട്ട് ഈ റോഡ്‌ ഉയര്‍ത്തുകയാണ്. റോഡ്‌ നിര്‍മിച്ചിട്ടില്ല. ഈ റോഡും തോമസ്‌ ചാണ്ടിയുടെ ലേക്ക് പാലസ് ലക്ഷ്യം വെച്ചാണ് നിര്‍മിച്ചത് എന്ന് ആരോപണം ഉയര്‍ന്നു. ഈ ആരോപണം ബോധപൂര്‍വമായിരുന്നുവെന്നാണ് സൂചന.

തോമസ്‌ ചാണ്ടിക്കെതിരെയുള്ള കേസ് കെട്ടുകള്‍ മുറുക്കാന്‍ ഈ റോഡും ഉപയോഗപ്പെടുത്തുകയായിരുന്നു. വലിയകുളം-സീറോ ജെട്ടി റോഡ്‌ നിര്‍മാണവും ലേക്ക് പാലസ് റിസോര്‍ട്ടും തമ്മില്‍ ബന്ധമില്ല. കുട്ടനാട്ടിലെ തുരുത്തിലെ ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങാതെ നടന്നുപോകാനാണ് അഞ്ച് വര്‍ഷം മുന്‍പ് ഈ റോഡ്‌ മണ്ണിട്ട് നികത്തിയത്.

തോമസ്‌ ചാണ്ടി വിവാദം വരുന്നത് വരെ ഈ റോഡ്‌ ആരുടേയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. നൂറു കണക്കിന് പേര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന, അതേസമയം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബണ്ട് റോഡ്‌ ആണിത്. മണ്ണിട്ട് ബണ്ട് റോഡ്‌ ഉയര്‍ത്തണമെന്നു ജനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴാണ് ഈ ബണ്ട് റോഡ്‌ മണ്ണിട്ട് ഉയര്‍ത്തിയത്.

നാല് ചുറ്റും വെള്ളം നില്‍ക്കുന്ന കുട്ടനാട്ടിലെ റോഡുകള്‍ എല്ലാം ഈ രീതിയില്‍ തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്.
അന്ന് ആലപ്പുഴ കളക്ടര്‍ ആയിരുന്ന പി.വേണുഗോപാല്‍ ആണ് നിലവിലെ റോഡ്‌ മണ്ണിട്ട് നികത്തി ഉയര്‍ത്തുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. തീര്‍ത്തും പൊതുജന അഭിലാഷത്തിനു വഴങ്ങിയാണ് എംപി ഫണ്ട് വഴി റോഡ്‌ ഉയര്‍ത്തി നല്‍കിയത്.

അന്നത്തെ കളക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരവ്‌ ജെയിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ അന്വേഷണമാണ് ഇപ്പോഴും നടന്നു വരുന്നത്. അന്ന് മണ്ണിട്ട് റോഡ്‌ ഉയര്‍ത്തുമ്പോള്‍ ടാര്‍ ചെയ്യുകയോ വീതി കൂട്ടുകയോ മെറ്റല്‍ ഇടുകയോ ചെയ്തിരുന്നില്ല.