വാക്ക് നല്‍കുന്നത് അത് പാലിക്കാന്‍ തന്നെ, വൈദ്യുതവത്കൃത കാറുകള്‍ വൈകാതെ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകും: എം.എം മണി

0
52

തിരുവനന്തപുരം: ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതവത്കൃത ഗതാഗത സംവിധാനങ്ങള്‍ കെഎസ്ഇബി ഒരുക്കുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവര്‍ക്ക് മന്ത്രി എം.എം മണിയുടെ മറുപടി. വൈദ്യുതവത്കൃത കാറുകള്‍ വൈകാതെതന്നെ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകുമെന്ന് മന്ത്രി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. പദ്ധതിയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചപ്പോള്‍ പലരും തിരിച്ചു ചോദിച്ചത്, ഇതൊക്കെ നടക്കുമോ ആശാനേ..എന്നായിരുന്നുവെന്നും എന്നാല്‍ വാക്ക് നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണെന്നും എം.എം മണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

വൈദ്യുതവത്കൃത ഗതാഗതസംവിധാനങ്ങള്‍ ഒരുക്കുന്നതുമായി ബോര്‍ഡ് മുന്നോട്ടു പോവുക തന്നെയാണെന്ന് മന്ത്രി പറയുന്നു. കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്നുമായിരുന്നു മന്ത്രി നേരത്തെ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നത്. ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുത ഭവനില്‍ എത്തിയിട്ടുണ്ടെന്നെന്നും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ഈ കാറുകള്‍ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടാകുമെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എം.എം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ഇ.ബി. ഒരുക്കുന്നതിനെക്കുറിച്ച് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചിരുന്നു.

കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്ന് പറഞ്ഞപ്പോള്‍ പലരും ഫേസ്ബുക്കിലൂടെയും നേരിട്ടും സംശയങ്ങള്‍ പറഞ്ഞിരുന്നു.

“ഇതൊക്കെ നടക്കുമോ ആശാനേ “എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ .

അവരുടെ ഒക്കെ ശ്രദ്ധയിലേക്ക്

ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുതി ഭവനില്‍ എത്തിയിട്ടുണ്ട്.
ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 
വൈകാതെ ഈ കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകും.

ഇടതുസര്‍ക്കാര്‍ വാക്കു നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണ്.