വിദ്യാഭ്യാസത്തിന്റെ പേരില്‍ പാസ്‌പോര്‍ട്ട് നിറം മാറ്റാനുള്ള നീക്കം ലജ്ജാകരം: ഇന്‍കാസ് ഖത്തര്‍

0
58

 

ദോഹ: പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഇന്‍കാസ് ഖത്തര്‍. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കം ലജ്ജാകരമാണെന്നും രണ്ടാംതരം പൗരന്‍മാരെന്ന രീതിയില്‍ പെരുമാറുന്ന ഈ നിയമം ഒരിക്കലും സ്വീകര്യമല്ലെന്നും അഭിപ്രായമുയര്‍ന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും എതിര്‍പ്പ് വിളിച്ചുവരുത്തിയ ഈ നിര്‍ദേശം അപ്രായോഗികമാണ്.

ലോകത്തിലെ 20 വിദേശ തൊഴിലാളികളില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നിരിക്കെ ഈ വിവേചനത്തെ ശക്തമായി എതിര്‍ക്കണം. വേര്‍തിരിവിന്റെയും വിവേചനത്തിന്റെയും മൂര്‍ധന്യാവസ്ഥയിലാണ് രാജ്യം. ജാതി, മത, വര്‍ണാടിസ്ഥാനത്തില്‍ വിവേചനം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലും വിവേചനത്തിന്റെ വിത്തെറിയാന്‍ തീരുമാനിച്ചതിന്റെ യഥാര്‍ഥ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മനുഷ്യക്കടത്ത് നിയന്ത്രിക്കാനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായവര്‍ക്കു സുരക്ഷ നല്‍കാനുമാണു പുതിയ പാസ്‌പോര്‍ട്ട് നയമെന്നു വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ തന്നെ വ്യത്യസ്ത ജോലിയുള്ളവരെ വ്യത്യസ്ത രീതിയിലാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നതെന്നിരിക്കെ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റിയുള്ള വിവേചനം എതിര്‍ക്കേണ്ടതാണെന്ന് ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍ പറഞ്ഞു.