വിഭാഗീയത ഇല്ലാതായതോടെ സിപിഎമ്മിനെക്കുറിച്ച് വാര്‍ത്തകളില്ലാതായി: കെ.എസ്.രാധാകൃഷ്ണന്‍

0
119

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വിഭാഗീയതയാണ് സിപിഎം ജില്ലാ, സംസ്ഥാന സമ്മേളനങ്ങളെ വാര്‍ത്തയില്‍ ഇടംപിടിപ്പിക്കുന്നതെന്നു പി എസ് സി മുന്‍ ചെയര്‍മാനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.എസ്.രാധാകൃഷ്ണന്‍ 24 കേരളയോടു പറഞ്ഞു.

മുന്‍പ് സിപിഎം ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നില്ല. സിപിഎം സമ്മേളനങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത് വിഭാഗീയത കൂടുകയും അത് പൊട്ടിത്തെറിയില്‍ എത്തുകയും ചെയ്തതോടെയാണ്. വിഎസ് ഗ്രൂപ്പും സിഐടിയു ഗ്രൂപ്പുമൊക്കെയായിരുന്നു ആദ്യം പാര്‍ട്ടിയില്‍ ശക്തര്‍.

വിഭാഗീയത വന്നതോടെ സമ്മേളനങ്ങളും വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ തുടങ്ങി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും വന്നതോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ വരെ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ തുടങ്ങുന്നത്. അതുവരെ സിപിഎം സമ്മേളനങ്ങള്‍ അങ്ങിനെ സജീവമായ വാര്‍ത്തയല്ല – കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ വിഎസ് പക്ഷം ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എതിര്‍ ഗ്രൂപ്പില്ല. ആ രീതിയിലുള്ള വിഭാഗീയതയില്ല. മുന്‍പ് കോണ്‍ഗ്രസ് സമ്മേളനങ്ങളിലാണ് ഗ്രൂപ്പ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്. അന്ന് വാര്‍ത്തകളും ഉണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആചാര്യന്‍ വി.എസ്.അച്യുതാനന്ദനാണ്. ഈ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍പ്പെട്ട് വിഎസ് തോറ്റ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. എതിര്‍ ഗ്രൂപ്പിനെ ഒന്നായി വെട്ടിയ നേതാവാണ്‌ വിഎസ്. പാര്‍ട്ടിയില്‍ ശക്തരായിരുന്ന സിഐടിയു ലോബിയെ വെട്ടി നിരത്തിയത് വിഎസ് ആണ്.

എം.എം.ലോറന്‍സ്, കെ.എന്‍.രവീന്ദ്രനാഥ് തുടങ്ങി മുന്‍നിര നേതാക്കളാണ് അന്ന് വിഎസിനാല്‍ വെട്ടി നിരത്തപ്പെട്ടത്. അന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഎസിനൊപ്പമായിരുന്നു. ആ വെട്ടിനിരത്തല്‍ ആണ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് – രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പിന്നെ വിഎസും വിഎസ് വിരുദ്ധരും കൂടിയുള്ള ഏറ്റുമുട്ടല്‍ ആയി അത് മാറി. പിണറായി വിജയന്‍ ഒക്കെ മറുവശത്ത്‌ വന്നു. ഇതോടെയാണ് ബ്രാഞ്ച് കമ്മിറ്റി വരെ പിടിക്കാന്‍ ശ്രമം തുടങ്ങിയത്. അതോടെ വാര്‍ത്തകളും വന്നു. ഇപ്പോള്‍ സിപിഎം സമ്മേളനങ്ങളില്‍ അത്ഭുതങ്ങളൊന്നും നടക്കുന്നില്ല.

മൂന്നു ടേം കഴിയാത്തവര്‍ എല്ലാം ഇപ്പോള്‍ സമ്മേളനങ്ങളില്‍ ഭാരവാഹികളായി തുടരുകയാണ്. ഇപ്പോള്‍ മത്സരത്തിനു തന്നെ പ്രസക്തിയിലല്ലാത്ത വിധത്തിലാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നീങ്ങുന്നത്. അതിന്റെ അര്‍ത്ഥം സിപിഎം വിഭാഗീയത എല്ലാം അസ്തമിക്കുന്നു എന്ന് തന്നെയാണ്. ഇപ്പോള്‍ വിഎസ് രംഗത്തില്ല.

പിണറായി വിജയന്‍റെ ആധിപത്യമാണ്‌. ഇഎംഎസ് ഉള്ളപ്പോള്‍ പാര്‍ട്ടി ഇഎംഎസിന്റെ കീഴിലായിരുന്നു. നായനാര്‍ ഉള്ളപ്പോള്‍ പാര്‍ട്ടി നായനാരുടെ കീഴിലായിരുന്നു. വിഎസ് ഉള്ളപ്പോള്‍ വിഎസിന്റെ കീഴിലായി. ഇപ്പോള്‍ പാര്‍ട്ടി പിണറായി വിജയന്‍റെ കീഴിലാണ്-കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.