ശമ്പളത്തിനും പെന്‍ഷനുമെതിരായ ഗീതാ ഗോപിനാഥിന്റെ പ്രസ്താവന തനി വിവരക്കേട്: പന്ന്യന്‍ രവീന്ദ്രന്‍

0
69

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച് ഗുണകരമല്ലെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ്‌ അംഗം പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോടു പറഞ്ഞു.

ശമ്പളവും പെന്‍ഷനുമാണ് കേരളത്തെ വലയ്ക്കുന്നത് എന്ന് ഗീതാ ഗോപിനാഥ് പറയുന്നു. ശമ്പളവും പെന്‍ഷനും ഒന്നും കൊടുക്കേണ്ട എന്ന ഗീതാ ഗോപിനാഥിന്റെ അഭിപ്രായം തനി വിവരക്കേടാണ്.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാതിരിക്കാന്‍ കഴിയുമോ? ശമ്പളവും പെന്‍ഷനും നിര്‍ത്തിവെയ്ക്കാന്‍ കഴിയുന്ന കാര്യമാണോ? ഈ രീതിയിലുള്ള സാമ്പത്തിക ഉപദേശം മതിയോ കേരളത്തിന്?

കേരളത്തിന്റെ ജീവിത പശ്ചാത്തലം വ്യത്യസ്തമാണ്. അതിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. സാമ്പത്തിക ഉപദേശം നല്‍കുമ്പോള്‍ കേരളത്തിന്റെ അവസ്ഥകള്‍ മനസിലാക്കേണ്ടെ? യൂറോപ്യന്‍ ധാരണകള്‍ വെച്ചാണ് ഗീതാ ഗോപിനാഥ് കേരളത്തിനെ വിലയിരുത്തുന്നത്. കേരളത്തിനെ ആ രീതിയില്‍ മനസിലാക്കി വേണം ഉപദേശങ്ങള്‍ നല്‍കാന്‍.

ഗതാഗത മന്ത്രിയായിരുന്ന  തോമസ്‌ ചാണ്ടിയുമായി പോലും എനിക്ക് ഉരസേണ്ടി വന്നു. കേരളത്തില്‍ മാത്രമാണ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് എന്ന് തോമസ്‌ ചാണ്ടി എന്നോടു പറഞ്ഞു. അത് നിങ്ങളുടെ ഔദാര്യമാണോ എന്ന് തോമസ്‌ ചാണ്ടിയോട് തിരിച്ചു ചോദിക്കേണ്ടി വന്നു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടിയിടത്തോളം മതി. ഇനി കൊടുക്കേണ്ട എന്നൊക്കെ ഓരോരുത്തര്‍ക്കും പറയാം. അതൊന്നും സംസ്ഥാനത്ത് നടപ്പിലാകില്ല. കേരളത്തില്‍ മനുഷ്യന് ജീവിക്കണമെങ്കില്‍ അതിനു മാന്യമായ രീതിയില്‍ ശമ്പളം നല്‍കണം. ഓരോരുത്തര്‍ അവരവരുടെ വെളിപാടുകളുമായി വരികയാണ്.

പെന്‍ഷനും ശമ്പളവും നല്‍കാന്‍ പണം ഉണ്ടാക്കാനുള്ള വഴികള്‍ സംസ്ഥാനം കണ്ടെത്തണം. അതിനു ഒരുപാട് വഴികളുണ്ട്. മുന്‍പ് തന്നെ സര്‍ക്കാര്‍ തെറ്റായി പെരുമാറിയിട്ടുണ്ട്. പെന്‍ഷന്‍ തന്നെ മുന്‍പ് പകുതിയാക്കി കുറച്ചിട്ടുണ്ട്. തെറ്റായ നടപടിയാണത്. ഗീതാ ഗോപിനാഥിന്റെ ഇത്തരം ഉപദേശങ്ങള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഉപദേശങ്ങള്‍ നല്‍കാം. സ്വീകരിക്കണോ വേണ്ടയോ എന്നത് വേറെ കാര്യമാണ്‌ – പന്ന്യന്‍ പറഞ്ഞു.

ഗീതാ ഗോപിനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം സിപിഐ മുഖപത്രമായ ജനയുഗം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്ക്‌ നൽകിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകൾ കേരള സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്നാണ് ജനയുഗം പറഞ്ഞത്.

ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെക്കുറിച്ചുള്ള ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെ വേണം സമീപിക്കാന്‍ എന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

വിലക്കയറ്റം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ ചെലവുകള്‍, ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും അപ്രാപ്യത തുടങ്ങിയ വസ്തുതകളൊന്നും കണക്കിലെടുക്കാതെ വേതനം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റി നടത്തുന്ന നിഷേധാത്മക പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഒരു വിഭാഗത്തിനെതിരെ മറ്റ് ജനവിഭാഗങ്ങളെ ഇളക്കിവിടുന്നതിന് തുല്യമാണ് – ജനയുഗം വ്യക്തമാക്കിയിരുന്നു.