സ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാധിക വെമുല പാര്‍ലമെന്റിലെത്തണമെന്ന് മേവാനി

0
41


അഹമ്മദാബാദ്: ‘മനുസ്മൃതി ഇറാനിയെ’ ഒരു പാഠം പഠിപ്പിക്കാന്‍ രാധിക വെമുല 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് ജിഗ്‌നേഷ് മേവാനിയുടെ അഭ്യര്‍ത്ഥന.

കഴിഞ്ഞ ദിവസം സമൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രോഹിത് വെമൂലയുടെ അമ്മ രാധിക വെമുല രംഗത്തെത്തിയിരുന്നു. ‘ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ വകുപ്പ് മാറിയിട്ടുണ്ടാകും എന്നാലും മറക്കില്ല. നിങ്ങളെ ചോദ്യം ചെയ്യാനും വേട്ടയാടാനുമായി ഞാനെന്റെ മക്കളെ (ദളിത് ബഹുജന്‍) പാര്‍ലമെന്റിലേക്കയക്കും’ എന്നായിരുന്നു രാധിക വെമുലയുടെ വാക്കുകള്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിക്കെതിരെ രാധിക വെമുല പാര്‍ലമെന്റിലെത്തണമെന്നുള്ള ജിഗ്നേഷിന്റെ ട്വീറ്റ്.

നേരത്തെ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ജിഗ്നേഷ് മേവാനി രാധിക വെമൂലയെ സന്ദര്‍ശിച്ചിരുന്നു. 2015-ല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്യുമ്പോള്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു സമൃതി ഇറാനി.