സ്വകാര്യ സ്‌കൂളില്‍ ആറു വയസുകാരനെ വിദ്യാര്‍ത്ഥിനി കുത്തിപ്പരിക്കേല്‍പ്പിച്ചു

0
57

ലക്‌നൗ: സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മറ്റൊരു വിദ്യാര്‍ത്ഥിനി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറു വയസ്സുകാരന്റെ നെഞ്ചിനും വയറിനും ഗുരുതരമായി പരുക്കേറ്റു. ലക്‌നൗ ത്രിവേണി നഗറിലെ ബ്രൈറ്റ്‌ലാന്‍സ് സ്‌കൂളിലാണ് സംഭവം.

Image result for young-boy-attacked-in-lucknow-school

കുത്തേറ്റ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് മകന് പരിക്കേറ്റെന്നും ഒരു പെണ്‍കുട്ടി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്നും അറിയിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് ആക്രമിച്ചതെന്നു പറയുന്നുണ്ടെങ്കിലും ഇതാരാണെന്നു കണ്ടെത്തിയിട്ടില്ല.

അതേസമയം, സ്‌കൂളില്‍ വെച്ച് ഒന്നാം ക്ലാസുകാരന് കുത്തേറ്റ വിവരം പുറത്തറിഞ്ഞതോടെ പരിഭ്രാന്തരായ നിരവധി രക്ഷിതാക്കള്‍ സ്‌കൂളിലേക്കെത്തി. സ്‌കൂള്‍ അധികൃതര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു. അതിനിടെ, ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമാണോ ആക്രമണമെന്ന് അന്വേഷിക്കുന്നതായി സ്‌കൂള്‍ ഡയറക്ടര്‍ വീണാ വ്യാസ് പറഞ്ഞു. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അവര്‍ വ്യക്തമാക്കി.

Related image

കഴിഞ്ഞ സെപ്തംബറില്‍ ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയിരുന്നു. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരീക്ഷ മാറ്റിവയ്ക്കുന്നതിനായാണ് വിദ്യാര്‍ത്ഥി ഈ ക്രൂരകൃത്യം ചെയ്തത്.