അപൂര്‍വ ചാന്ദ്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം

0
76

150 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ ചാന്ദ്രസംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. ജനുവരി 31ന് ചന്ദ്രഗ്രഹണം, സൂപ്പര്‍മൂണ്‍, ബ്ലൂ മൂണ്‍ എന്നിങ്ങനെ മൂന്ന് പ്രതിഭാസങ്ങളിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നത് ദൃശ്യമാകും.

ഭൂമിക്ക് വെളിയിലുള്ള പരിക്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭാഗികമായി ഭൂമിയുടെ നിഴിലില്‍ മറയും. ഇത് വൈകുന്നേരം 4.21 മണിയോടെയാകും സംഭവിക്കുക. 6.21 ആകുമ്പോഴേക്കും ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ പൂര്‍ണമായും മറയുകയും 7.37ഓടു കൂടി ചന്ദ്രഗ്രഹണം പൂര്‍ത്തിയാകുകയും ചെയ്യും. രാത്രി 8.31ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്തെത്തും.

അതേ ദിവസം തന്നെ ചന്ദ്രന്‍ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് ഭൂമിയുടെ അരികിലെത്തും. ഭൂമിയില്‍ നിന്നും 3.56 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലാകും ചന്ദ്രന്റെ സ്ഥാനം. ഈ പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്റെ കൂടുതല്‍ പ്രകാശമുള്ളതായും തെളിഞ്ഞും ആകാശത്ത് കാണപ്പെടും.

ഒരു മാസത്തില്‍ തന്നെ രണ്ട് പൗര്‍ണമി ഉണ്ടാകുന്നതാണ് ബ്ലൂ മൂണ്‍ പ്രതിഭാസം. 2018 ജനുവരി 1ന് പൗര്‍ണമിയായിരുന്നു. രണ്ടാമത്തെ പൗര്‍ണമിയാണ് 31ന് വരാനിരിക്കുന്നത്.

ചാന്ദ്രപ്രതിഭാസ സമയത്ത് ചന്ദന്റെ നിറം ചുവപ്പ് നിറമോ ഓറഞ്ച് നിറമോ കലര്‍ന്നതായി കാണാന്‍ സാധ്യതയുണ്ട്. അങ്ങനെ നിറവ്യത്യാസത്തോടെ കാണപ്പെടുന്ന ചന്ദ്രനെ രക്തചന്ദ്രന്‍ (ബ്ലഡ് മൂണ്‍) എന്ന് വിളിക്കും.

അതിവിശിഷ്ടമായ ഈ കാഴ്ച ജനങ്ങള്‍ക്ക് കാണാനായി തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ കേരളാ ശാസ്ത്ര സാങ്കേതിക മ്യൂസിയം വകുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. അതിനൊപ്പം ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ചാന്ദ്രപ്രതിഭാസങ്ങളുടെ ബോധവല്‍ക്കരണപരിപാടികളുമുണ്ടാകും.

1866ലാണ് ഈ വിശിഷ്ട പ്രതിഭാസം അവസാനമായി നടന്നതെന്നാണ് കരുതപ്പെടുന്നത്. ഈ കാഴ്ച കാണാന്‍ ആഗ്രഹമുള്ളവര്‍ക്കായി പ്ലാനറ്റേറിയത്തില്‍ ദൂരദര്‍ശിനികള്‍ സജ്ജീകരിച്ചിട്ടുണ്ട്.