ആടുജീവിതത്തില്‍ സംഗീതനിര്‍വഹണത്തിനായി എ.ആര്‍ റഹ്മാന്‍

0
82

ബെന്യാമിന്റെ ആടുജീവിതം ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ബ്ലെസി. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് സാക്ഷാല്‍ എ.ആര്‍ റഹ്മാനാണ്. മരുഭൂമിയുടെ ഏകാന്തത പശ്ചാത്തലസംഗീതത്തിലൂടെ അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര അനുഭവമുള്ള ഒരാള്‍ക്കേ സാധിക്കുകയുള്ളൂ എന്ന് കരുതിയാണ് എ.ആര്‍ റഹ്മാനെ തിരഞ്ഞെടുത്തത്.

മരുഭൂമി പശ്ചാത്തലമായത് കൊണ്ട് തന്നെ പശ്ചാത്തല സംഗീതത്തില്‍ അറബിക് സംഗീതത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന തന്റെ ആശയം റഹ്മാനുമായി പങ്കുവെച്ചുവെന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വളരെ പ്രസിദ്ധിയാര്‍ജിച്ച ആടുജീവിതം സിനിമയാക്കുമ്പോള്‍ യഥാര്‍ത്ഥ കഥയില്‍നിന്ന് മാറാന്‍ സാധിക്കില്ല. പക്ഷെ, ദൃശ്യസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്.

ഒമാനിലെയും ജോര്‍ദ്ദാനിലെയും ചില മരുഭൂപ്രദേശങ്ങളാണ് ലൊക്കേഷനുകളായി പരിഗണിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്നും ബ്ലസി പറഞ്ഞു.