കായല്‍ കയ്യേറ്റകേസ്: ഹൈക്കോടതി ഉത്തരവിനെതിരായ തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0
40

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റകേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും വിധിയുമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത്. ഡിപ്പാര്‍ട്ട്മെന്റ് നടപടിയായ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്നാണ് തോമസ്ചാണ്ടിയുടെ വാദം. അപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കെരുതെന്ന് ആവശ്യപെട്ട് സിപിഐ അംഗം ടിഎന്‍ മുകുന്ദന്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്.

മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ഘട്ടത്തില്‍ മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രി സാധാരണ മനുഷ്യനെ പോലെ നിയമനടപടികള്‍ നേരിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിക്ക് സന്നദ്ധനാവുകയായിരുന്നു.

തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് എ.എം സാപ്രെയും പിന്‍മാറിയിരുന്നു. ജനുവരി 15 ന് കേസ് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് എ.എം സാപ്രെ പിന്‍മാറിയത്. സാപ്രെ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കരുതെന്ന് നേരത്തെ തോമസ് ചാണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തു. ഡിസംബര്‍ 15ന് ഹര്‍ജി പരിഗണിക്കവെ ഇതില്‍ നിന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പിന്‍മാറി. ഇതോടെ പുതിയ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇതിനിടയില്‍ ബെഞ്ച് മാറ്റമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രിം കോടതി രജിസ്ട്രി തള്ളി. ഇതോടെ കേസ് വീണ്ടും എ.എം സാപ്രെ, ആര്‍.കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ തന്നെ വന്നു.

ജനുവരി 15ന് കേസ് പരിഗണിക്കവെ താന്‍ പിന്‍മാറുന്നതായി ജസ്റ്റിസ് എ.എം സാപ്രെ വ്യക്തമാക്കി. താനില്ലാത്ത മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കാനുണ്ടായ കാരണം തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിലേക്ക് കോടതി കടന്നില്ല. കാരണം എന്തായാലും താന്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് എ.എം സാപ്രെ വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റുകയായിരുന്നു.