കേരള കോണ്‍ഗ്രസ്(എം)നെ ഔദ്യോഗികമായി ക്ഷണിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടും: ജോണി നെല്ലൂര്‍

0
59

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)നെ മുന്നണിയിലേയ്ക്ക്‌
ഔദ്യോഗികമായി ക്ഷണിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മുന്നണി സെക്രട്ടറിയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനുമായ ജോണി നെല്ലൂര്‍ 24 കേരളയോട്‌ പറഞ്ഞു.

25ന്‌ നടക്കുന്ന യോഗത്തില്‍ താന്‍ തന്നെ ഈ കാര്യം ആവശ്യപ്പെടും. മാണിയെ യുഡിഎഫിലേയ്ക്ക്‌ ക്ഷണിക്കുകയും ചര്‍ച്ച നടത്താന്‍ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്യണമെന്ന് യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടും-ജോണി നെല്ലൂര്‍ പറഞ്ഞു.

സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുകയാണ്. ഇടത് സര്‍ക്കാര്‍ അടുത്ത തവണ അധികാരത്തില്‍ എത്താനുള്ള സാധ്യതകള്‍ പരിമിതപ്പെട്ടു കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറിയിരിക്കുകയാണ്.

ഇതുപോലെ വില കയറിയ കാലഘട്ടം ഇല്ല. സര്‍ക്കാര്‍ പരാജയമാണ്. അരി വില 52 രൂപയായി കഴിഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ വിപണിയില്‍ ഫലപ്രദമല്ല. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ഈ വേളയില്‍ കെ.എം.മാണി കൂടി യുഡിഎഫില്‍ വേണം.

മാണിയുടെ കാര്യത്തില്‍ യുഡിഎഫില്‍ നിന്നും എതിര്‍പ്പുകളില്ല. മുസ്ലിം ലീഗ് തന്നെ മാണിയെ യുഡിഎഫിലേയ്ക്ക്‌ ക്ഷണിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഈ ആവശ്യം കേരള കോണ്‍ഗ്രസിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ജോസ് കെ മാണി ഈ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതികരിച്ചിട്ടുണ്ട്.

ജെഡിയു യുഡിഎഫ് വിട്ടത് മുന്നണിയെ ബാധിച്ചിട്ടുണ്ട്. യുഡിഎഫിലെ ഏത് കക്ഷി പോയാലും അത് ബാധിക്കും. അതുകൊണ്ട് തന്നെ ജെഡിയു മുന്നണി വിട്ടതും യുഡിഎഫിനെ ബാധിച്ചിട്ടുണ്ട് – ജോണി നെല്ലൂര്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫിലേയ്ക്ക്‌ കെ.എം.മാണി എത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യം അതാണ്‌. ഞാന്‍ എന്തായാലും യുഡിഎഫിലേയ്ക്ക്‌ കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്യുകയാണ് – ജോണി നെല്ലൂര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ഇപ്പോള്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ പാതയിലാണ്.

എട്ടു ജില്ലാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടുണ്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ആണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഫെബ്രുവരി 17ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്‌ പുതിയ സംസ്ഥാന ഭാരവാഹികള്‍ വരും. പുതിയ ഭാരവാഹികളായിക്കഴിഞ്ഞാല്‍ സംസ്ഥാന സമ്മേളനവും നടത്തും-ജോണി നെല്ലൂര്‍ വ്യക്തമാക്കി.