കൊല്ലത്ത് പതിനാലുകാരനെ കൊലപ്പെടുത്തിയ കേസ്: അമ്മ കോടതിയില്‍ കുറ്റം സമ്മതിച്ചു

0
100


കൊല്ലം: കൊല്ലത്ത് പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെ പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കിയത്. അതിനിടെ ജയമോള്‍ മയങ്ങി വീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ് കേസ് പരിഗണിച്ചത്. മകനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയെ അറിയിച്ചു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും കോടതിയില്‍ പറഞ്ഞു. പൊലീസ് മര്‍ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും അവര്‍ അറിയിച്ചു. ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

അതേസമയം കേസില്‍ ജയമോളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് മര്‍ദ്ദിച്ചെന്നു കോടതിയില്‍ പറഞ്ഞ ജയ ഇക്കാര്യത്തില്‍ പരാതിയില്ലെന്നും അറിയിച്ചു. പൊലീസിനെ വിമര്‍ശിച്ച കോടതി ജയയെ വീണ്ടും വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശിച്ചു.

ഇതിനിടെ പ്രോസിക്യൂഷനെതിരെ പൊലീസ് രംഗത്തെത്തി. പൊലീസ് മര്‍ദിച്ചെന്ന് പ്രതി പറഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഇടപെട്ടില്ലെന്നാണ് ആരോപണം. പൊലീസിനെ മാറ്റിനിര്‍ത്തി കോടതി പ്രതിയുടെ മൊഴിയെടുക്കുകയും ചെയ്തു.

അതേസമയം വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു.

പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായിട്ടാണ് കൊലപാതകമെന്നും ജയയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.