കോടിയേരിയുടെ ചൈനാ അനുകൂല പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദം; ഹസന്‍ തുടരുന്നത് ഗുണകരമല്ലെന്ന് വിലയിരുത്തല്‍

0
129

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനാ അനുകൂല പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദം. പ്രതിപക്ഷം എന്ന നിലയില്‍ കോടിയേരിക്കെതിരെയും അതുവഴി സിപിഎമ്മിനെതിരെയും ശക്തമായി ഉപയോഗിക്കാവുന്ന ഈ ചൈനാ അനുകൂല പരാമര്‍ശം കെപിസിസി നേതൃത്വം വെള്ളത്തില്‍ വരച്ച വര പോലെയാക്കിയെന്നാണ് വിമര്‍ശനം.

ഈ വിമര്‍ശനം തിരിയുന്നത് മുഖ്യമായും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനെതിരെയാണ്. പ്രതിപക്ഷത്ത് പാര്‍ട്ടി ഇരിക്കുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ പ്രതിപക്ഷ നേതാവിനെക്കാളും ഒരു പടി മുന്നില്‍ നില്‍ക്കണം എന്നതാണ് കോണ്‍ഗ്രസ് എപ്പോഴും ആവശ്യപ്പെടുന്നത്. കാരണം പാര്‍ട്ടിയെ ചലിപ്പിക്കേണ്ടത് പിസിസി അധ്യക്ഷനാണ്.

ഇവിടെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് ഒരു പടി മുന്നില്‍. പക്ഷെ പ്രതിപക്ഷ നേതാവ് മുന്നിലാകുന്നത് പ്രസ്താവന വഴിയും ഫെയ് സ് ബുക്ക്‌ വഴിയും മാത്രമാണ്. അപ്പോള്‍ ഈ രണ്ടു സംവിധാനം കൊണ്ട് പാര്‍ട്ടിയ്ക്ക്‌ എന്ത് നേട്ടം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

അടുത്ത തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം മതിയെങ്കില്‍ നിലവിലെ സംവിധാനം തുടര്‍ന്നാല്‍  മതിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.  കോണ്‍ഗ്രസ് ഭരണപക്ഷത്ത് എത്തണമെങ്കില്‍ ചുറുചുറുക്കുള്ള നേതൃത്വം വേണം.

ചുറുചുറുക്കുള്ള നേതൃത്വം ഇല്ലാത്തത് കൊണ്ട് കേരളത്തില്‍ ബിജെപി സ്കോര്‍ ചെയ്യുന്നു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനാ അനുകൂല പരാമര്‍ശം.

ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നുമാണ് കോടിയേരി ആരോപിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും ചൈന അനുവദിക്കില്ല.

വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാൽ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്-കോടിയേരി പറഞ്ഞു. ഇന്ത്യാ-ചൈന ദോക് ലാം പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കെയാണ് കോടിയേരിയുടെ പരാമര്‍ശം വരുന്നത്.

പരാമര്‍ശം വന്നപ്പോള്‍ കെപിസിസി നേതൃത്വം നോക്കുകുത്തി പോലെ നിലകൊണ്ടു. മറുവശത്ത് ബിജെപി നേട്ടമുണ്ടാക്കി. രാജ്യസ്നേഹത്തിന്റെ കുത്തക ബിജെപിയ്ക്കല്ല കോണ്‍ഗ്രസിനാണ് എന്ന് പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തമാക്കാവുന്ന നല്ല അവസരം ഹസന്‍ കളഞ്ഞുകുളിച്ചതായാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

ഹസന്റെ കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യരായി മാറി. കെപിസിസി അധ്യക്ഷന് യോജിച്ചതല്ല ഹസന്റെ രീതികള്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഊര്‍ജ്ജസ്വലമായി പാര്‍ട്ടിയെ നയിക്കണം. ഹസന് ആ രീതിയിലുള്ള നേതാവല്ലെന്നു തെളിയിച്ചു കഴിഞ്ഞു. പി.കെ.കൃഷ്ണദാസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ നേരിട്ട് കണ്ടു ഈ വിഷയത്തില്‍ കോടിയേരിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു-കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഹസന്‍ അല്ല പിസിസി അധ്യക്ഷനെങ്കില്‍ കോടിയേരിയുടെ പ്രസ്താവന വലിയ ഒരു വിഷയമാക്കി കോണ്‍ഗ്രസ് മാറ്റുമായിരൂന്നു. അതുപോലെ തന്നെ പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ഒരു മാസമായി കുത്തനെ കൂടിയപ്പോള്‍ കെപിസിസി നേതൃത്വം കയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുന്നു.

കോടിയേരിയുടെ ചൈനാ പരാമര്‍ശം,
പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ്  തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ നീറിനില്‍ക്കുകയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ കെപിസിസി നേതൃത്വം തുടരുകയാണ്. ഒരു പ്രസ്താവന കൊണ്ട് എന്തുകാര്യം?. കേരളത്തിലെ കോണ്‍ഗ്രസിനെ ചലനാത്മകമാക്കേണ്ടത് ഹസന്റെ ഉത്തരവാദിത്തമാണ്. ഹസന്‍ തികഞ്ഞ പരാജയമാണ് – പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

ഹസന് പ്രായമായി. ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാനുള്ള കഴിവുമില്ല, ജനകീയ നേതാവുമല്ല. ഇങ്ങിനെയൊരാള്‍ കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുന്നിട്ട് കാര്യമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരുന്നതും യുഡിഎഫ് കണ്‍വീനര്‍ ആയി തങ്കച്ചന്‍ തുടരുന്നതും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് മാത്രമാണ് നേട്ടം. ചെന്നിത്തലയ്ക്ക് സ്കോര്‍ ചെയ്യാം. ചെന്നിത്തല എന്ത് പറഞ്ഞാലും കേള്‍ക്കുന്ന നേതാവാണ്‌ എം.എം.ഹസന്‍.

ചെന്നിത്തല സ്കോര്‍ ചെയ്യുന്നത് പ്രസ്താവന വഴിയും ഫെയ് സ് ബുക്ക്‌ പോസ്റ്റ്‌ വഴിയും മാത്രമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഹസന്‍ മാറിയാല്‍ കെപിസിസി പ്രസിഡന്റ് പദവി ലക്ഷ്യമിടുന്ന ഒട്ടേറെ നേതാക്കള്‍ എ ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഹസന്‍ മാറിയാല്‍ അത്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ തലവേദനയാകും. അതുകൊണ്ട് ഹസന്‍ തുടരുന്നില്‍ ഉമ്മന്‍ചാണ്ടിയ്ക്ക്‌ പ്രശ്നമില്ല.

പക്ഷെ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രതിസന്ധി നേരിടുകയാണ്. നിലവില്‍ പ്രതിപക്ഷത്ത് തുടരുന്ന കോണ്‍ഗ്രസിന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുറുചുറുക്കുള്ള നേതാവ് വേണം. അത്തരമൊരു നേതാവ് കെപിസിസി തലപ്പത്ത് വന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനാകൂ എന്ന് നേതാക്കള്‍ പറയുന്നു.

അതിന് കെപിസിസിയ്ക്ക് മിടുക്കനായ ഒരു അധ്യക്ഷന്‍ വേണം. അത്തരമൊരു അധ്യക്ഷനായുള്ള കോണ്‍ഗ്രസ് കാത്തിരിപ്പ് നീളുകയാണ്. ഹസ്സന്‌ തുണയായത് കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളാണ്. കേന്ദ്രനേതൃത്വത്തിലെ അധികാര കൈമാറ്റം ഹസനെ തുണച്ചു.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി വരാന്‍ സമയമെടുത്തത് ഇവിടെ ഹസ്സന് സഹായകമായി. മേഘാലയ, നാഗാലാന്‍ഡ്‌, ത്രിപുര തിരഞ്ഞെടുപ്പ് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അതോടെ നിലവിലെ പിസിസി അധ്യക്ഷന്മാര്‍ തുടരട്ടെ എന്ന തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുകയായിരുന്നു.