കോണ്‍ഗ്രസുമായുള്ള ബന്ധം: യച്ചൂരിയെ പിന്തുണച്ച് വിഎസ്

0
51

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം രൂപീകരിക്കുന്നതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഫാസിസ്റ്റ് കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിഎസ് കേന്ദ്രകമ്മിറ്റിക്കു കത്തു നല്‍കി.

കോണ്‍ഗ്രസ് ബന്ധത്തില്‍ സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും തയാറാക്കിയതുമായി കരട് രാഷ്ട്രീയ പ്രമേയങ്ങള്‍ സംയോജിപ്പിക്കാനുള്ള പൊളിറ്റ് ബ്യൂറോയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുപക്ഷങ്ങളുടെയും രേഖകള്‍ കേന്ദ്രകമ്മിറ്റി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഈ രണ്ടു രേഖകളും കേന്ദ്ര കമ്മിറ്റിയിലേക്ക് അയയ്ക്കരുതെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ വോട്ടെടുപ്പിനു തയാറാണെന്നും കാരാട്ട് പക്ഷം അറിയിച്ചു.

കാണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണു രണ്ടുകൂട്ടരുടെയും നിലപാട്. എന്നാല്‍, ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണു കാരാട്ടിന്റെയും എസ്ആര്‍പിയുടെയും വാദം. എന്നാല്‍ അതിനോടു യച്ചൂരി യോജിക്കുന്നില്ല. യച്ചൂരി രണ്ടു തവണയും കാരാട്ട് നാലു തവണയും തങ്ങളുടെ കരട് രേഖകള്‍ പരിഷ്‌കരിച്ചെങ്കിലും ഭിന്നത പരിഹരിക്കാന്‍ സാധിച്ചില്ല.